സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം തുടങ്ങി
രാജാക്കാട് : കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ജില്ലയിലെ ക്ഷീരകർഷകർക്ക് കൈത്താങ്ങായി സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ആരംഭിച്ചു. ജില്ലയിലെ 12,907 ക്ഷീരകർഷകർക്ക് പദ്ധതിയിൻകീഴിൽ കാലിത്തീറ്റ ലഭിക്കും. പത്തുലക്ഷം കിലോഗ്രാം കാലിത്തീറ്റയാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്.
കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ സർക്കാരിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 1200 രൂപ വിലവരുന്ന ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപ കർഷകർക്ക് സബ്സിഡിയായി ലഭിക്കും.
പ്രതിദിനം കർഷകർ അളക്കുന്ന പാലിന്റെ അളവിനനുസരിച്ചാണ് കാലിത്തീറ്റ വിതരണം നടത്തുന്നത്. 10 ലിറ്ററിൽ താഴെ പാൽ അളക്കുന്ന കർഷകന് 50 കിലോയും 11 മുതൽ 20 ലിറ്റർ പാൽ അളക്കുന്ന കർഷകന് 100 കിലോയും 20 ലിറ്ററിന് മുകളിൽ പാൽ അളക്കുന്ന കർഷകന് 150 കിലോഗ്രാം കാലിത്തീറ്റയും സബ്സിഡിയായി ലഭിക്കും. രാജകുമാരി-മുരിക്കുംതൊട്ടി ക്ഷീരോത്പാദക സഹകരണസംഘത്തിൽ കാലിത്തീറ്റയുടെ വിതരണത്തിന് തുടക്കംകുറിച്ചു. സംഘം പ്രസിഡന്റ് വർഗീസ് ആറ്റുപുറം വിതരണഉദ്‌ഘാടനം നിർവഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് ഡയറിഫാം ഇൻസ്പെക്ടർ ബിനാഷ് തോമസ്, ഭരണസമിതി അംഗങ്ങളായ മിലി ഐസക്, വി.വി.വർഗീസ്, സെക്രട്ടറി ഷൈനി കുര്യൻ എന്നിവർ പങ്കെടുത്തു.