ചോദ്യപേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് സി ഇ ഓ ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി


ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സി ഇ ഓ ഷുഹൈബിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഷുഹൈബിന്റെ സത്യാവാമൂലവും കസ്റ്റഡി അപേക്ഷയും നാളെ സമർപ്പിക്കും. താമരശ്ശേരി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. നാസറിൻ്റെ ജാമ്യ അപേക്ഷയും നാളെ പരിഗണിക്കും.
അതേസമയം, ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണ്. 2024 ഓണപരീക്ഷയിലും ചോദ്യപ്പേപ്പർ ചോർന്നിരുന്നു.അതിലേക്കും അന്വേഷണം ഇനി ഉണ്ടാവില്ല. കേസിലെ രണ്ടാം പ്രതിയായ അധ്യാപകന്റെ മൊഴിയിൽ നിർണായക സൂചന ലഭിച്ചുവെന്നാണ് വിവരം. അതേസമയം മലപ്പുറം സ്വദേശിയായ എയ്ഡഡ് സ്കൂളധ്യാപകന് നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്തിട്ടുമില്ല. കേസിൽ ആകെ ഉള്ളത് നാല് പ്രതികളാണ്. എംസ് സൊല്യൂഷന്റെ ഉടമയായിട്ടുളള ഷുഹൈബ് ഫഹദ്,ജിഷ്ണു,നാലാം പ്രതിയായ പ്യൂൺ അബ്ദുൾ നാസർ എന്നിവരാണ് പ്രധാന പ്രതികൾ.
എംഎസ് സൊല്യൂഷന് സമാനമായി മറ്റ് ചില ഏജൻസികൾ കൂടി ഉണ്ട്. അവരും സമാനമായ രീതിയിൽ വർഷങ്ങളായി ചോദ്യപേപ്പറുകൾ പ്രവചിച്ചിരുന്നു. അതിലേക്കും ഇനി അന്വേഷണം പോകുന്നില്ല. അത്കൊണ്ട് തന്നെ സമഗ്രമായ ഒരു അന്വേഷണം ഇനി ഇതിന്റെ പേരിൽ ഉണ്ടാവില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആരോപണവും ആക്ഷേപവും ഉയർന്ന 2024ലെ ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ട് മാത്രം അന്വേഷണം നടത്തി, ഇപ്പോൾ നിലവിലുള്ള പ്രതികളെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനമാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്.