ടൂറിസം കേന്ദ്രങ്ങൾ തിരക്കിലാകുന്നു, കരുതലോടെ;ആർക്കൊക്കെ പ്രവേശിക്കാം?
കുമളി : കോവിഡ് രണ്ടാംതരംഗത്തിനെ തുടർന്ന് അടച്ചിട്ട ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽനിന്നുള്ളവരാണ് തൊണ്ണൂറ് ശതമാനത്തിലധിവും ഇപ്പോൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നത്. കർശനമായ നിയന്ത്രണങ്ങൾക്കിടയിലും സഞ്ചാരികളുടെ കടന്നുവരവ് നിർജീവമായ ഹോട്ടൽ, റിസോർട്ട്, വ്യാപാര മേഖലകൾക്ക് പുത്തനുണർവ് നൽകിയിരിക്കുകയാണ്. സർക്കാർ നിർദേശങ്ങൾ പാലിക്കാതെ എത്തുന്നവർക്ക് കർശനമായ താക്കീത് നൽകി തിരിച്ചയയ്‌ക്കുന്ന കാഴ്ചയും ഇപ്പോൾ ടൂറിസം കേന്ദ്രങ്ങളിൽനിന്നു കാണാൻ കഴിയുന്നുണ്ട്.
ആദ്യദിനം തേക്കടികാണാനെത്തിയത് 88 പേർ
മൂന്ന് മാസങ്ങൾക്കിപ്പുറം തേക്കടി തുറന്നതോടെ രാവിലെമുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിരുന്നു. കെ.ടി.ഡി.സി.യുടെയും, വനംവകുപ്പിന്റെയും ബോട്ടുകൾ രാവിലെ ഏഴരമുതൽ സർവീസ് ആരംഭിച്ചു. ഇരുവരും നാല് സർവീസുകൾ വീതം തിങ്കളാഴ്ച ബോട്ടിങ് നടത്തി. 86 പേരാണ് ബോട്ടിങ് നടത്തിയത്. ആളുകൾ കൂടുന്നതനുസരിച്ച് രാവിലെ 7.30, 9.30, 11.15, 1.45, 3.15 സമയങ്ങളിലെ സർവീസുകൾ വിപുലമാക്കും. കോവിഡ് പശ്ചാത്തലത്തിൽ വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്കുകൾ കുറച്ചത് സഞ്ചാരികൾക്ക് ആശ്വാസമായി. 255 രൂപയാണ് ഇപ്പോഴത്തെ ബോട്ട് ടിക്കറ്റ് നിരക്ക്. അഞ്ച് മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് 85 രൂപയാണ് ടിക്കറ്റ് നിരക്ക്.
തേക്കടി ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിലെത്തുന്ന സഞ്ചാരികളെ സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് തേക്കടിക്ക് വിടുന്നത്. കൂടാതെ സഞ്ചാരികളുടെ ശരീര താപനില രേഖപ്പെടുത്തുന്നുണ്ട്. ഓണത്തിനോടനുബന്ധിച്ച് ഇക്കോ ടൂറിസം പരിപാടികൾക്ക് ഉൾപ്പെടെ വലിയ ബുക്കിങ്ങാണ് വന്നുകൊണ്ടിരിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ ഓഫറുകളുമായി ഹോട്ടൽ-റിസോർട്ട് മേഖലയും സജീവമാകുകയാണ്.
അഞ്ചുനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു
കോവിഡ് മാനദണ്ഡങ്ങളിലെ ഇളവുകളിൽ ഏറെ പ്രതീക്ഷയർപ്പിച്ച് അഞ്ചുനാട്ടിലെ വിനോദസഞ്ചാരമേഖല സജീവമാകുന്നു. വനംവകുപ്പിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഓഗസ്റ്റ് ഒൻപത് മുതൽ തുറന്നു പ്രവർത്തിച്ചതോടു കൂടി കൂടുതൽ സഞ്ചാരികൾ മറയൂർ, കാന്തല്ലൂർ മേഖലകളിൽ എത്തിത്തുടങ്ങി. വനംവകുപ്പിന്റെ പ്രധാന െട്രക്കിങ് കേന്ദ്രങ്ങളായ ഇരവികുളം നാഷണൽ പാർക്ക് (രാജമല), ലക്കം വെള്ളച്ചാട്ടം, തൂവാനം വെള്ളച്ചാട്ടം, ആലാംപെട്ടി െട്രക്കിങ്, ആനക്കോട്ടപ്പാറ, മന്നവൻചോല െട്രക്കിങ് എന്നിവയാണ് തുറന്നത്. കൂടാതെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ഹട്ടുകളും സഞ്ചാരികളെ കാത്തിരിക്കുന്നു.
രാജമലയിൽ വരയാടുകളെ കാണാം
മൂന്നാർ : നാലര മാസത്തെ ഇടവേളയ്ക്കുശേഷം രാജമല തുറന്നു. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതലാണ് രാജമലയിൽ സഞ്ചാരികളെ പ്രവേശിപ്പിച്ചുതുടങ്ങിയത്. ആദ്യദിനത്തിൽ 301 പേരാണ് വരയാടുകളെ കാണുന്നതിന് എത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവിനെ തുടർന്ന് ഏപ്രിൽ പകുതിയോടെയാണ് വരയാടുകളുടെ വിഹാരകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിൽപെട്ട രാജമല അടച്ചത്.
ആർക്കൊക്കെ പ്രവേശിക്കാം
മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു ഡോസ് വാക്സിൻ എടുത്ത് രണ്ട് ആഴ്ച കഴിഞ്ഞതിന്റെയോ കോവിഡ് നെഗറ്റീവ് ആയി ഒരുമാസം കഴിഞ്ഞതിന്റെയോ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമാണ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക.