സംസ്ഥാനത്ത് വാക്സീനില്ല, 5 ജില്ലകളില്‍ സ്റ്റോക്ക് തീര്‍ന്നു; ക്ഷാമം രൂക്ഷമെന്ന് മന്ത്രി
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ പ്രതിസന്ധിയിൽ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്സീന് സ്റ്റോക്ക് തീര്‍ന്നു. സ്റ്റോക്കുള്ള മറ്റു ജില്ലകളിലെ കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്കി തീര്‍ക്കും. വാക്സീന് ക്ഷാമം കാരണം പല കേന്ദ്രങ്ങൾക്കും ചൊവ്വാഴ്ച പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതായും എത്രയും വേഗം സംസ്ഥാനത്തിന് കൂടുതല്‍ വാക്സീന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്തെ വാക്സീന് സ്ഥിതി വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് വാക്സീന് ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്സീന് മാത്രമാണ് സ്റ്റോക്കുള്ളത്. ഓഗസ്റ്റ് 11–ാം തീയതിയാണ് വാക്സീന് വരുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആരംഭിച്ച വാക്സിനേഷന് യജ്ഞം വാക്സീന് ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
വാക്സിനേഷന് വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് നല്‍കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും യജ്ഞം നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സീനെങ്കിലും നല്‍കുകയാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആള്‍ക്കാരാണ് ആദ്യ ഡോസ് വാക്സീനെടുക്കാനുള്ളത്. അവര്‍ക്ക് ഓഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് നല്കി തീര്‍ക്കാനും മന്ത്രി നിര്‍ദേശിച്ചു.
തിങ്കളാഴ്ച 2,49,943 പേര്‍ക്കാണ് വാക്സീന് നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്ക് വാക്സീന് നല്കി. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസും 64,24,876 പേര്‍ക്ക് രണ്ടാം ഡോസുമാണു നല്‍കിയത്. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സീനും നല്കി.