ആപ്പ് സ്റ്റോറില്‍ നിന്ന് 135000 ആപ്പുകള്‍ നിരോധിച്ച് ആപ്പിള്‍


ആപ്പിൾ ഒറ്റയടിക്ക് 1,35,000 ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ നിയമപ്രകാരം ആപ്പിള്‍ ആവശ്യപ്പെട്ട ‘ട്രേഡ് സ്റ്റാറ്റസ്’ (trade status) വിവരങ്ങള്‍ ഡവലപ്പര്‍മാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് നിരോധനം.
ഇതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ആപ്പ് സ്റ്റോറിൽ നിന്ന് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം ആപ്പുകൾ അപ്രത്യക്ഷമായി.
ആപ്പ് സ്റ്റോർ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആപ്പ് നീക്കം ചെയ്യൽ നടപടിയാണിത്. ആപ്പ് ഡവലപ്പര്‍മാര്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയവ ഉപയോക്താക്കള്‍ക്ക് നല്‍കുന്നില്ല എന്നാണ് ആപ്പിളിന്‍റെ കണ്ടെത്തല്‍.ട്രേഡ് സ്റ്റാറ്റസ് നിര്‍ബന്ധമായും ആപ്പ് ഡവലപ്പര്‍മാര്‍ കൈമാറിയിരിക്കണം എന്നാണ് യൂറോപ്യന്‍ യൂണിയന്‍റെ നിയമം. യൂറോപ്യന്‍ യൂണിയനിലെ ആപ്പ് സ്റ്റോറില്‍ പുതിയ ആപ്പുകള്‍ സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡവലപ്പര്‍മാര്‍ അവരുടെ ട്രേഡര്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് നിയമം.
ആപ്ലിക്കേഷനുകളുടെ ട്രേഡര്‍ സ്റ്റാറ്റസ് ഡവലപ്പര്‍മാര്‍ നല്‍കിയാല്‍ ഈ ആപ്പുകള്‍ വീണ്ടും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ ലഭ്യമാകും.