‘ഇടതു പക്ഷം തരൂരിന് സ്വീകര്യമായ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു തുടങ്ങി’; ഗീവർഗീസ് കൂറീലോസ്


കേരളത്തിന്റെ വ്യവസായിക വളർച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂർ എംപിയുടെ ലേഖനത്തിൽ പ്രതികരണവുമായി ഗീവർഗീസ് കൂറീലോസ്. ഇടതു പക്ഷം തരൂരിന് സ്വീകര്യമായ വിധത്തിൽ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു തുടങ്ങി എന്ന് ബിഷപ്പ് ഗീവർഗീസ് കൂറീലോസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു സോഷ്യലിസ്റ്റ് എന്ന നിലയിലും ഇടതുപക്ഷ അനുഭാവി എന്ന നിലയിലും തനിക്ക് അദ്ദേഹത്തിന്റെ മുതലാളിത്ത സാമ്പത്തിക വികസന നയങ്ങളോട് വിയോജിപ്പാണെന്ന് ഗീവർഗീസ് കൂറീലോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ക്യാപിറ്റലിസ്റ്റ് സാമ്പത്തിക വികസന നയങ്ങൾ ശക്തമായി പിന്തുടരുന്ന തരൂർ ഒരു ഇടതുപക്ഷ സർക്കാരിന്റെ വികസന നയത്തെ അഭിനന്ദിക്കണമെങ്കിൽ അതിൽ രണ്ടു കാരണങ്ങളുണ്ടാകണമെന്നാണ് അദ്ദേഹം പറയുന്നത്. ഒന്നുകിൽ തരൂർ ആശയപരമായി ഇടതുപക്ഷത്തേക്ക് മാറണം. ഇതിന് സാധ്യതയില്ലാത്തതിനാൽ ഇടതു പക്ഷം തരൂരിന് സ്വീകര്യമായ വിധത്തിൽ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു തുടങ്ങി എന്നാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇടതുപക്ഷത്തെ കുറിച്ചുള്ള തന്റെ വിമര്‍ശനവും ഈ വലതുവത്കരണം തന്നെയാണെന്നും ബിഷപ്പ് ഗീവർഗീസ് കൂറീലോസ് ഫേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശശി തരൂർ എന്ന എഴുത്തുകാരനെയും ചിന്തകനെയും എനിക്ക് ഇഷ്ടമാണ്. എന്നാൽ ഒരു സോഷ്യലിസ്റ്റ് എന്ന നിലയിലും ഇടതുപക്ഷ അനുഭാവി എന്ന നിലയിലും എനിക്ക് അദ്ദേഹത്തിന്റെ മുതലാളിത്ത സാമ്പത്തിക വികസന നയങ്ങളോട് വിയോജിപ്പാണ്. ഈ പശ്ചാത്തലത്തിൽ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ പ്രകടനത്തെ കുറിച്ച് വിവാദങ്ങൾ നടക്കുകയാണല്ലോ. ക്യാപിറ്റലിസ്റ്റ് സാമ്പത്തിക വികസന നയങ്ങൾ ശക്തമായി പിന്തുടരുന്ന തരൂർ ഒരു ഇടതുപക്ഷ സർക്കാരിന്റെ വികസന നയത്തെ അഭിനന്ദിക്കണമെങ്കിൽ അതിൽ രണ്ടു വായനകളാണ് സാധ്യം. ഒന്നുകിൽ തരൂർ ആശയപരമായി ഇടതുപക്ഷത്തേക്ക് മാറണം. അതിന് വിദൂര സാധ്യത പോലും ആരും കാണില്ല. രണ്ടാമത്തെ സാധ്യത ഇടതു പക്ഷം തരൂരിന് സ്വീകര്യമായ വിധത്തിൽ മുതലാളിത്ത നയങ്ങൾ സ്വീകരിച്ചു തുടങ്ങി എന്നാണ്. അതാണ് സംഭവിക്കുന്നത് എന്നാണ് എന്റെ വായന. നിലവിലത്തെ മുഖ്യധാര ഇടതുപക്ഷത്തെ കുറിച്ചുള്ള എന്റെ വിമര്ശനവും ഈ വലതൂവൽക്കരണം തന്നെയാണ്.