കെ എസ് ആർ ടി സി റോയൽ വ്യൂ ഡബിൾ ഡക്കർ സർവ്വീസ്; ഉദ്ഘാടനം 8 ന്


മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്തുന്നതിന് കെ എസ് ആർ ടി സി ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൻ്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ ഫെബ്രുവരി 8 ശനി നിർവഹിക്കും.
രാവിലെ 11 മണിക്ക് മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രിയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
യാത്രക്കാർക്ക് കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ഡബിൾ ഡക്കർ ബസ് സജ്ജികരിച്ചിട്ടുള്ളത്. കെഎസ്ആർടിസി റോയൽ വ്യൂ പദ്ധതിയുടെ ഭാഗമായാണ് ഡബിൾ ഡക്കർ ബസ് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കുന്നത്.