മൂന്നാര്‍ സര്‍ക്കാര്‍ കോളേജ്:ക്ലാസുകള്‍ താത്കാലികമായി മാറ്റും
മൂന്നാര്‍ സര്‍ക്കാര്‍ കോളേജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടുന്ന സ്ഥല സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി മൂന്നാറില്‍ യോഗം ചേര്‍ന്നു.മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലായിരുന്നു യോഗം നടന്നത്.
ഡിസ്ട്രിക് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ,ദേവികുളം തഹസീല്‍ദാര്‍,മൂന്നാര്‍ സര്‍ക്കാര്‍കോളേജ് അധികൃതര്‍, എന്‍ഞ്ചിനിയറിംഗ് കോളേജ് അധികൃതര്‍,പി ഡബ്യൂഡി ബില്‍ഡിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍,കിറ്റ്കോ അധികൃതര്‍, ഡിറ്റിപിസി പ്രതിനിധികള്‍, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോളേജിന്റെ തുടര്‍ അധ്യായന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു.
നിലവില്‍ മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിന്റെ വര്‍ക്ക്ഷോപ്പിലാണ് ക്ലാസുകള്‍ നടന്നു വന്നിരുന്നത്.
sponsored advertisement
ഡിടിപിസി ബഡ്ജറ്റ് ഹോട്ടലില്‍ ക്ലാസ് മുറികള്‍ ഒരുക്കി അധ്യായനം അവിടേക്ക് മാറ്റുവാന്‍ വേണ്ടുന്ന നടപടികള്‍ വേഗത്തില്‍ കൈകൊള്ളുവാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ വേണ്ടുന്ന സ്ഥല സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.നിലവില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങള്‍ കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിന്‍മേല്‍ കെട്ടിട നിര്‍മ്മാണത്തിന് യോഗ്യമായ സ്ഥലം കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകാനും യോഗത്തില്‍ തീരുമാനമെടുത്തു.മൂന്നാര്‍ ദേവികുളം റോഡരികില്‍ സ്ഥിതി ചെയ്തിരുന്ന മൂന്നാര്‍ സര്‍ക്കാര്‍ കോളേജ് കെട്ടിടങ്ങള്‍ക്ക് 2018ലെ പ്രളയത്തിലായിരുന്നു കേടുപാടുകള്‍ സംഭവിച്ചത്.മഴ കനത്തതിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ കോളേജിന്റെ ചില കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയിരുന്നു.