ബി.ജെ.പിയിൽ ഭിന്നത രൂക്ഷം;സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആക്ഷേപം. പാർട്ടി വിടാനൊരുങ്ങി ഒരു വിഭാഗം

തൊടുപുഴ:ജനാധിപത്യ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി ബിജെപിയിൽ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചതിനെ തുടർന്ന് ഭിന്നത രൂക്ഷമായി.സൗത്ത് ജില്ലാ കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 32 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
യുവമോർച്ച ജില്ലാ പ്രസിഡൻ്റ്,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും നിലവിൽ ജില്ലാ പ്രസിഡൻ്റിൻ്റെ ചുമതല വഹിക്കുകയും ചെയ്തിരുന്ന ഏലപ്പാറ സ്വദേശി സി.സന്തോഷ് കുമാറിനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.ഒരു വോട്ടിൻ്റെ കുറവിൽ ജില്ല സെക്രട്ടറിയും ജില്ലയിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ മികച്ച സ്വാധീനവുമുള്ള വണ്ടൻമേട് സ്വദേശി കെ.കുമാർ രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു.എന്നാൽ ഒരു വോട്ട് മാത്രം നേടാൻ കഴിഞ്ഞ വി.സി വർഗീസിനെ പ്രസിഡൻ്റായി സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ബിജെപി വിടാൻ ഒരുങ്ങി.ഇവരെ അനുനയിപ്പിക്കാൻ ഉള്ള ശ്രമം നേതൃത്വം തുടരുകയാണ്.
ഇടുക്കിയിൽ നോർത്ത്,സൗത്ത് ജില്ലാ കമ്മിറ്റികളാണുള്ളത്. നോർത്തിൽ പ്രഖ്യാപനം വരാനിരക്കെ സൗത്തിൽ കൂടുതൽ വോട്ട് ലഭിച്ചവരെ അവഗണിച്ച് വി.സി വർഗീസിനെ പ്രസിഡന്റായി നേതൃത്വം പ്രഖ്യാപിച്ചതിനെതിരെജില്ലാ ഭാരവാഹികളിലും മത്സരിച്ചവരിലുമെല്ലാം കടുത്ത അതൃപ്‌തിയാണുള്ളത്. ആർമിയിൽ അധ്യാപകനായിരുന്ന വി.സി വർഗീസിന് ബി.ജെ.പിയിൽ പ്രവർത്തി പരിചയമില്ലെന്നും മൂന്ന് വർഷം ന്യൂനപക്ഷ മോർച്ചയിൽ പ്രവർത്തിച്ചു എന്ന ഒറ്റ കാരണത്താൽ പ്രസിഡൻ്റാക്കിയതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായും ഒരു വിഭാഗം ആരോപിക്കുന്നു. അറക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സംസ്ഥാന സമിതിയംഗവും സംസ്ഥാന വരണാധികാരായുമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ആരോപണം.
ഇടുക്കി,പീരുമേട്, ഉടുമ്പൻചോല മണ്ഡലങ്ങൾ ഉൾപ്പെടുന്ന സൗത്തിൽ മുന്നിലെത്തിയ സി. സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി കെ. കുമാർ എന്നിവരെ പിന്തള്ളി മൂന്നുവർഷമായി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന വി. സി വർഗീസിനെ നിയമിച്ചത് ആർ.എസ്.എസിനുള്ളിലും അമർഷത്തിനിടയാക്കിയിട്ടുണ്ട്. 32 പേർ ഉൾപ്പെട്ട കമ്മിറ്റിയിൽ ഭൂരിപക്ഷം ലഭിച്ചവരെ തഴഞ്ഞ് നേതൃത്വം ഏകപക്ഷീയമായി പ്രസിഡന്റിനെ പ്രഖ്യാപിച്ചത് ജില്ലയിൽ ബി.ജെ.പിയെ തളർത്തുന്നതിന് കാരണമാകുമെന്ന് പ്രവർത്തകരും അഭിപ്രായപ്പെടുന്നു. പ്രസിഡൻ്റായി ചുമതലയേറ്റ വി.സി വർഗീസ് അണക്കര സ്വദേശിയാണ്. ചക്കുപള്ളം സർവീസ് സഹകരണ ബാങ്കിലേക്ക് നടന്നു തെരഞ്ഞെടുപ്പിൽ ബിജെപി പാനലിൽ മത്സരിക്കുകയും ഏറ്റവും കുറവ് വോട്ട് നേടുകയും ചെയ്തത് വിസി വർഗീസ് ആയിരുന്നു.ഇതിനെ തുടർന്ന് പാർട്ടി വിടാൻ ഒരുങ്ങിയ വിസി വർഗീസിനെ മേൽഘടകം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.ഇതാദ്യമായാണ് ഒരു ജനാധിപത്യവും പാലിക്കാതെ പ്രസിഡന്റിനെ പ്രഖ്യാപിച്ചതെന്ന് നിയോജകമണ്ഡലം പ്രസിഡന്റുമാറും വെളിപ്പെടുത്തുന്നു. ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വിസി വർഗീസിൻ്റെ താനാരോഹണ ചടങ്ങിൽ നിന്നും പ്രമുഖ നേതാക്കൾ വിട്ടു നിന്നതും ചർച്ചാവിഷയമായിട്ടുണ്ട്.62 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തീരുമാനമെടുക്കാനാവാതെ തൊടുപുഴ, ദേവികുളം മണ്ഡലം ഉൾപ്പെടുന്ന നോർത്ത് ഡിവിഷനിലെ പ്രസിഡന്റ് പ്രഖ്യാപനവും നീളുകയാണ്. മുൻ ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമളും നിലവിലുള്ള ജില്ലാ സെക്രട്ടറി വി.എൻ സുരേഷും പദവിക്കായി പിടിമുറുക്കിയിട്ടുണ്ട്.വരും ദിവസങ്ങളിൽ ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാകാനാണ് സാധ്യത
















































































































