രാജ്യം എഴുപത്തിയാറാം റിപ്പബ്ലിക്ക് ദിന ആഘോഷ നിറവിൽ; മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ്
രാജ്യം എഴുപത്തിയാറാം റിപ്പബ്ലിക്ക് ദിന ആഘോഷ നിറവിൽ. ‘സുവർണ ഇന്ത്യ പൈതൃകവും വികസനവും’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ. ഒന്നാം റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു. ഇത്തവണത്തെ മുഖ്യാതിഥി ഇന്തോനേഷ്യയുടെ പ്രസിഡന്റായ പ്രബോവോ സുബിയാന്തോ ആണെന്നത് കൗതുകമാണ്.
രാജ്യത്തിന്റെ ചരിത്രപരമായ മാറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല, പൗരത്വത്തോടൊപ്പം ലഭിക്കുന്ന അവകാശങ്ങളെയും കടമകളെയും കുറിച്ച് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഓരോ റിപ്പബ്ലിക്ക് ദിനവും. ഒരു പരമാധികാര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിൻ്റെ പരിവർത്തനത്തെ അടയാളപ്പെടുത്തുന്ന ദിവസം. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഭരണഘടനയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനം.
1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിച്ച് വരുന്നത്. ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് ഇന്ത്യ മഹാരാജ്യത്തിനായി ശക്തമായ ഭരണഘടന തയാറാക്കിയത്. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രസ്ഥാനം പ്രഖ്യാപിച്ചതും 1930ലെ ജനുവരി 26നാണെന്ന പ്രത്യേകതയുമുണ്ട്.
ജനാധിപത്യം നിലനിർത്തുന്നതിലും ദേശീയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പരിശ്രമിക്കുന്നതിലെ നിരന്തര പരിശ്രമത്തിൻ്റെ പ്രാധാന്യം ആഘോഷം അടിവരയിടുന്നു. രാജ്യത്തിന്റെ വൈവിധ്യത്തിൽ ഏകത്വം ആഘോഷിക്കുന്നതിനുള്ള സമയം കൂടിയാണ് റിപ്പബ്ലിക് ദിനം. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒറുക്കിയിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ് ഇത്തവണത്തെ പ്രധാന ആകർഷണം.