കേരളത്തിൽ 9 മുതൽ വീണ്ടും മഴ; മണലടിഞ്ഞ് സംഭരണശേഷി കുറയുന്നു, മഴ കനത്താൽ നിറയും ഡാമുകൾ ;ഇടുക്കിക്ക് ആശങ്ക
കേരളത്തിൽ 9 മുതൽ വീണ്ടും മഴ സജീവമാകുമെന്നു കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകുമ്പോഴും ചെറിയ അണക്കെട്ടുകളിൽ നിന്നുൾപ്പെടെ മണൽ നീക്കുന്നതിനുള്ള നടപടികൾ വൈകുന്നു. 3 ദിവസം മഴ പെയ്താൽ പോലും ജില്ലയിലെ ചെറിയ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി, പാംബ്ല, ഹെഡ്‌വർക്സ് അണക്കെട്ടുകളിൽ നിന്നു കഴിഞ്ഞ ദിവസം വെള്ളം തുറന്നുവിടേണ്ടി വന്നു.
മണലടിഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞതു കൊണ്ടാണു കാലവർഷം തുടങ്ങി ആദ്യ മഴയിൽ തന്നെ അണക്കെട്ടുകൾ നിറഞ്ഞതെന്നു വിദഗ്ധർ പറയുന്നു. നികുതിയിതര വരുമാനം ലക്ഷ്യമാക്കി അണക്കെട്ടുകളിൽ നിന്നു മണൽ നീക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. മണലെടുക്കുന്നതിന്റെ ഭാഗമായി ഡാം സുരക്ഷാ വിഭാഗം ഇടുക്കി ഒഴികെയുള്ള അണക്കെട്ടുകളിൽ സംഭരണശേഷിയും ആഴവും കണ്ടെത്തുന്നതിനുള്ള സർവേ കഴിഞ്ഞ വർഷം പൂർത്തിയാക്കിയതാണ്. അണക്കെട്ടുകളിലെ മണലിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനുള്ള അനുമതി തേടി ഡാം സുരക്ഷാ വിഭാഗം കെഎസ്ഇബിക്കു കത്തു നൽകുകയും ചെയ്തു.
മണലിന്റെ അളവു തിട്ടപ്പെടുത്തി നാഷനൽ സെന്റർ ഫോർ എർത്ത് സയൻസിന്റെ റിപ്പോർട്ട് ലഭിച്ചാൽ ചെയ്താൽ മാത്രമേ ടെൻഡർ നടപടികളിലേക്കു കടക്കാൻ കഴിയൂ. മഴയ്ക്കു മുൻപു മണൽ നീക്കാത്തതിനാൽ ജലനിരപ്പ് ഉയരുന്ന അണക്കെട്ടുകളിൽ നിന്നു വെള്ളം ഒഴുക്കിക്കളയേണ്ട സ്ഥിതിയാണിപ്പോൾ. കല്ലാർകുട്ടി അണക്കെട്ടിൽ മണലടിഞ്ഞ് സംഭരണശേഷി ഏറെ കുറഞ്ഞെന്നാണു ഡാം സുരക്ഷാവിഭാഗം അധികൃതർ വ്യക്തമാക്കുന്നത്. പൊന്മുടി, കല്ലാർകുട്ടി, ആനയിറങ്കൽ, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിലാണു ഡാം സുരക്ഷാ വിഭാഗം സർവേ പൂർത്തിയാക്കിയത്. ഇടുക്കി ഉൾപ്പെടെയുള്ള വലിയ അണക്കെട്ടുകളിൽ കേന്ദ്ര ജല കമ്മിഷനാണു സർവേ നടത്തുന്നത്.