ജില്ലയിൽ 500 രൂപയിൽ കുറഞ്ഞ മുദ്രപ്പത്രങ്ങൾ കിട്ടാനില്ല; വലഞ്ഞ് ജനം
ജില്ലയിൽ ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾക്കു ക്ഷാമം തുടരുന്നു. 500 രൂപയിൽ കുറഞ്ഞ മുദ്രപ്പത്രങ്ങളാണു കിട്ടാനില്ലാത്തത്. മുദ്രപ്പത്ര ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഓൺലൈനായി മുദ്രപ്പത്രം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതി ഇടനിലക്കാരുടെ ഇടപെടൽ മൂലം സർക്കാർ മരവിപ്പിച്ചു. ഇപ്പോൾ ഓൺലൈനായും അല്ലാതെയും മുദ്രപ്പത്രങ്ങൾ ലഭിക്കാതെ വരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിൽ മാസങ്ങളായി ചെറിയ വിലയുടെ മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ളതുമായ അൻപതിന്റെയും നൂറിന്റെയും മുദ്രപ്പത്രങ്ങളാണ് കൂടുതലും ലഭ്യമല്ലാത്തത്.
ജനന മരണ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എടുക്കൽ, വിദ്യാഭ്യാസ ആവശ്യങ്ങൾ, ലൈഫ് മിഷൻ അടക്കമുള്ള സർക്കാർ പദ്ധതികൾ തുടങ്ങിയവയ്ക്കും വിവിധ കരാറുകൾ തയാറാക്കാൻ കുറഞ്ഞ തുകയുടെ മുദ്രപ്പത്രങ്ങൾ ആവശ്യമാണ്. ഇത്തരം ആവശ്യങ്ങൾക്ക് ഇപ്പോൾ 500ന്റെ മുദ്രപ്പത്രം വാങ്ങേണ്ട ഗതികേടിലാണ് ജനം. രണ്ടാം ലോക്ഡൗൺ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇളവുകൾ വന്നതോടെ തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാംപ് ഡിപ്പോയിൽ മുദ്രപ്പത്രങ്ങൾ ഒരു മാസം മുൻപു തന്നെ എത്തിയിരുന്നു. എന്നാൽ ഇതു ജില്ലകളിലേക്ക് ഇതുവരെ കൃത്യമായി വിതരണം ചെയ്തിട്ടില്ല.
അതേ സമയം, കോട്ടയത്തു നിന്നു നൂറിന്റെ ഇരുപതിനായിരവും അൻപതിന്റെ പതിനായിരവും മുദ്രപ്പത്രങ്ങൾ ജില്ലാ ട്രഷറിയിലെത്തിച്ച്, വിവിധ സബ്ട്രഷറികളിലേക്കു വിതരണം ചെയ്തതായി ജില്ലാ ട്രഷറി ഓഫിസർ പറഞ്ഞു. ക്ഷാമം നേരിടുമ്പോൾ തന്നെ ജില്ലയിൽ നിന്നു കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ട്രഷറി ഓഫിസർ പറഞ്ഞു. ജില്ലയിൽ ഇപ്പോൾ എത്തിച്ച ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ ഒരാഴ്ച കൊണ്ടു തന്നെ തീരുന്ന അവസ്ഥയാണ്.