ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ഫൈനല്‍; ഇന്ത്യ യോഗ്യത നേടുകയെന്നത് വിദൂര സാധ്യത മാത്രം
ചില ഘട്ടങ്ങളില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും അതെല്ലാം മെല്‍ബണില്‍ കൈവിട്ടു കളഞ്ഞ ടീം ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിന് യോഗ്യത നേടുകയെന്നത് നിറം മങ്ങിയ സ്വപ്‌നം മാത്രം. ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രം പോര ഓസ്‌ട്രേലിയ ശ്രീലങ്കയോട് പരാജയപ്പെടുകയും വേണം. ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യാടന മത്സരങ്ങളിലാണ് മറ്റൊരു സാധ്യത. ആദ്യത്തെ സാധ്യത സംഭവിച്ചേക്കാമെങ്കിലും അപാരഫോമിലുള്ള ഓസീസ് ബാറ്റര്‍മാരും ബൗളര്‍മാരും ശ്രീലങ്കയെ പരാജയപ്പെടുത്തുന്നതിനാണ് സാധ്യത കൂടുതല്‍. ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റുകളിലും ഓസ്‌ട്രേലിയ ജയിക്കാതിരിന്നാല്‍ മാത്രമെ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുള്ളു.
മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയോട് 184 റണ്‍സിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ ഫൈനല്‍ സാധ്യത മങ്ങിയത്. ഈ മത്സരങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മോശം പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. രോഹിതും മത്സരത്തിന് ശേഷം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ടീമുമായി ബന്ധപ്പെട്ട കൂട്ടായ പ്രശ്നങ്ങളും പുറമെ വ്യക്തിപരമായ കാര്യങ്ങളിലും പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് രോഹിത് ശര്‍മ്മ മാധ്യമങ്ങള്‍ക്ക് മുമ്പാകെ തുറന്നു സമ്മതിച്ചിരുന്നു. രോഹിത്തിന്റെ പ്രകടനത്തെയും ക്യാപ്റ്റന്‍സിയെയും വിമര്‍ശിച്ച് മുന്‍താരങ്ങള്‍ അടക്കം രംഗത്തുവന്ന പശ്ചാത്തലത്തില്‍ താരം വിരമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.