‘പ്രകോപനപരം, അപലപനീയം’; മഹാരാഷ്ട്ര മന്ത്രിയുടെ മിനി പാകിസ്താന്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി


മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളില്‍ വെളിവാക്കപ്പെടുന്നത്.തങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവല്‍ക്കരിച്ചും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. അതിനെ പിന്‍പറ്റിയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത് – മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കും വിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാര്‍ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് സര്‍ക്കാരിലെ തുറമുഖ വികസന വകുപ്പ് മന്ത്രിയും, ബിജെപി നേതാവുമായ നിതേഷ് റാണെ ,കേരളം മിനി പാക്കിസ്ഥാനായത് കൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും വയനാട്ടില്‍ നിന്ന് ജയിച്ചത് എന്നായിരുന്നു നടത്തിയ പരാമര്‍ശം.കേരളത്തെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശത്തില്‍ പിന്നാലെ കടുത്ത വിമര്‍ശനം ഉയര്‍ന്നു.ന്യൂനപക്ഷ വോട്ടുകള്‍ കൊണ്ടാണ് ഇരുവരും പാര്‍ലമെന്റില്‍ എത്തിയതെന്ന് സ്ഥാപിക്കാനായിരുന്നു റാണയുടെ വിദ്വേഷം പരാമര്‍ശം. ബിജെപിയുടെ ഒരു എംപി ലോക്‌സഭയില്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണോ എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.