വനാതിർത്തികളിൽ മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിന് ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു
ഇടുക്കി ജില്ലയിൽ ഈ മാസംതന്നെ മൂന്ന് മനുഷ്യ ജീവനുകളാണ് കാട്ടാന കവർന്നെടുത്തത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം തൊള്ളായിരത്തി അൻപതോളം ആളുകളാണ് വന്യ മൃഗ ആക്രമണത്തിൽ മരണമടഞ്ഞിട്ടുള്ളത്. കുട്ടമ്പുഴയിലും നേര്യമംഗലത്തും മുള്ളരിങ്ങാട്ടും തൊട്ടടുത്ത ദിവസങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടത് നിസാരമായി കാണുവാൻ കഴിയില്ല. നഷ്ടപരിഹാരം കൊടുത്തതുകൊണ്ട്മാത്രം ഒരു കുടുംബത്തിനുണ്ടാകുന്ന ദുഃഖവും പരാധീനതയും പരിഹരിക്കപ്പെടുമെന്ന് സർക്കാർ കരുതുന്നത് ശരിയല്ല. കുടുംബാംഗങ്ങൾ കൊല്ലപ്പെടുമ്പോൾ ഓരോ കുടുംബവും തീരാ ദുഃഖത്തിന്റെ കെണിയിലേക്കാണ് വീഴുന്നതെന്ന് സർക്കാർ മനസിലാക്കണം. കാസർഗോഡ് രണ്ട് യുവാക്കളെ കൊല്ലുന്നതിനും പ്രതികളെ സംരക്ഷിക്കുന്നതിനും മുഖ്യമന്ത്രി കാണിച്ച തീഷ്ണതയുടെയും ആവേശത്തിന്റെയും പകുതി താല്പര്യമെങ്കിലും വനാതൃത്തികളിൽ താമസിക്കുന്ന മനുഷ്യന്റെ ജീവൻ സംരക്ഷിക്കുന്ന കാര്യത്തിലും മുഖ്യമന്ത്രി പ്രകടിപ്പിക്കുവാൻ തയ്യാറാവണം. മനുഷ്യനെ കൊല്ലാൻ വരുന്ന കാട്ടുമൃഗങ്ങളെ കൗൺസിലിംഗ് കൊണ്ടോ മയക്കു വെടികൊണ്ടോ പിന്തിരിപ്പിക്കാമെന്ന് കരുതുന്നതും ഏതെങ്കിലും ജനനനിയന്ത്രണ പദ്ധതികളിലൂടെ കാട്ടുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാമെന്ന് കരുതുന്നതും തികച്ചും വിഡ്ഢിത്വമാണ്. നിയന്ത്രിത വേട്ട മാർഗ്ഗമാണ് കാട്ടുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനുള്ള ഏക മാർഗ്ഗം. കൃഷിഭൂമിയിൽ പ്രവേശിക്കുന്ന വന്യമൃഗങ്ങളെ വെടിവെക്കുന്നതിനുള്ള സ്വാതന്ത്ര്യവും അവകാശവും കർഷകർക്ക് നൽകുവാൻ ഗവൺമെന്റ് തയ്യാറാകണം. വനാതൃത്തികളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുവാൻ യുഡിഎഫ് നിർബന്ധിതമാകുമെന്ന് ചെയർമാൻ മുന്നറിയിപ്പ് നൽകി.