ഭാര്യയുടെ തലയില്‍ ഇരുമ്പു പൈപ്പിനടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍
ഇടുക്കി: കുടുംബ കലഹത്തെത്തുടര്‍ന്ന് ഭാര്യയുടെ തലയില്‍ ഇരുമ്പു പൈപ്പു കൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു. ചേലച്ചുവട് സ്വദേശി ചോറ്റയില്‍ സാബു രാമന്‍കുട്ടി (57) യാണ് അറസ്റ്റിലായത്. അടിയേറ്റ് തലക്ക് സാരമായി പരുക്കേറ്റ ഭാര്യ മഞ്ജു (46) വിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സാബുവിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു. ഭാര്യയുടെ പരാതിയനുസരിച്ച് ഭര്‍ത്താവ് സാബുവിനെതിരെ 308-ാം വകുപ്പ് പ്രകാരം വധശ്രമത്തിനു കേസെടുത്തു. രാത്രി മദ്യപിച്ചു വീട്ടിലെത്തിയ സാബു ഭാര്യയുമായി വഴക്കുണ്ടാക്കി ചീത്ത വിളിക്കുകയും, കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് അടുക്കളയില്‍ സൂക്ഷിച്ച ഇരുമ്പ് പൈപ്പെടുത്ത് തലക്കടിക്കുകയും ചെയ്തതായാണ് പരാതി. സാബുവും ഭാര്യയും മൂന്ന് കുട്ടികളുമാണ് ചേലച്ചുവട്ടിലെ വീട്ടില്‍ താമസിക്കുന്നത്. ഭാര്യ മഞ്ജു ഹോംനേഴ്‌സാണ്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് സാബു. സ്റ്റേഷന്‍ പരിധിയില്‍ മദ്യപിച്ച് ഭാര്യയേയും മക്കളേയും നിരന്തരം ഉപദ്രവിക്കുന്ന നിരവധി പേരുണ്ടെന്നും പരാതി ലഭിച്ചാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്. ഒ ജി. അനൂപിന്റെ നേതൃത്വത്തില്‍ എസ്.ഐ താജുദ്ദീന്‍ അഹമ്മദ്, എസ്.സി.പി.ഒ എം. ആര്‍ അനീഷ് , സി.പി.ഒ ജിനു ഇമ്മാനുവേല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.