ഓണ കിറ്റ് വിതരണത്തിനുള്ള എന്‍.എഫ്.എസ്.എ. ഗോഡൗണില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
ഓണ കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ തൊടുപഴയില്‍ പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ എട്ടര മുതല്‍ കേരളത്തിലെ 14000 ല്‍ അധികം കടകളില്‍ ഭക്ഷ്യ കിറ്റിന്റെ വിതരണം ആരംഭിക്കും. 18 ആം തീയതി കൊണ്ട് വിതരണം പൂര്‍ത്തിയാക്കുന്നതിനാണ് ഗവണ്‍മെന്റ് തീരുമാനം. ഇത്തവണ ഭക്ഷ്യ കിറ്റില്‍ കേരളത്തിന്റെ തനതായ പല ഉല്‍പ്പന്നങ്ങളും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത്തവാഴ കൃഷിക്കാരെ സഹായിക്കുന്നതിനായി ഉപ്പേരി കിറ്റിലുണ്ട്. ഇത് തയ്യാറാക്കിയെടുക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരുടെ വനിതാ സ്വയം തൊഴില്‍ യൂണിറ്റുകളാണ്. ഇതിന് പുറമേ സഞ്ചി നിര്‍മ്മിക്കുന്നതും കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഇതിലൂടെ നിരവധി സ്ത്രീകള്‍ക്ക് വരുമാനം ലഭ്യമാക്കുന്നതിനാവും. നാളികേര കര്‍ഷകരെ സഹായിക്കുന്നതിനായി വെളിച്ചെണ്ണ, ഏലം കര്‍ഷകരെ സഹായിക്കുന്നതിനായി ഏലക്കാ തുടങ്ങിയവ ഇത്തവണത്തെ കിറ്റിലുണ്ടാവും.
ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി മില്‍മയില്‍ നിന്ന് നെയ് സംഭരിക്കുന്നുണ്ട്. വിലക്കയറ്റം ഉണ്ടാവാതിരിക്കാന്‍ മാര്‍ക്കറ്റില്‍ സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടാവും. ഓണത്തോടനുബന്ധിച്ച് എല്ലാ ഭക്ഷ്യ ഗോഡൗണുകളിലും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തും. റേഷന്‍ കടകളിലും ഗോഡൗണുകളിലും നടത്തുന്ന പരിശോധനകളിലൂടെ ഭക്ഷ്യയോഗ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അളവിലും തൂക്കത്തിലും കൃത്യത ഉറപ്പ് വരുത്തി ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
തൊടുപുഴ എന്‍.എഫ്.എസ്.എ. ഗോഡൗണില്‍ മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തി. അരി, ഗോതമ്പ് തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന എല്ലാ മുറികളിലും മന്ത്രി കയറി പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു കെ ബാലന്‍, സപ്ലൈകോ തൊടുപുഴ ഡിപ്പോ മാനേജര്‍ റിച്ചാര്‍ഡ് ജോസഫ്, എന്‍.എഫ്.എസ്.എ. ഓഫീസര്‍ ഇന്‍ ചാര്‍ജ് നോയല്‍ റ്റി. പിറ്റര്‍ എന്നിവര്‍ ഗോഡൗണിന്റെ പ്രവര്‍ത്തന രീതികള്‍ മന്ത്രിക്ക് വിശദീകരിച്ചു. ഗോഡൗണിലെ തൊഴിലാളികള്‍ തങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനും തങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കി തരണമെന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.