ആഗോള അയ്യപ്പ സംഗമം; നന്ദഗോവിന്ദം ഭജൻസിന്റെ പേരിലും പിശക്, ഉദ്യോഗസ്ഥർക്ക് പറ്റിയ വീഴ്ചയെന്ന് ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സിന്‍റെ പേരിലും പിശകുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. ആദ്യ എസ്റ്റിമേറ്റില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാല്‍ ഒഴിവാവുകയായിരുന്നു. ഇതിന് പകരമായി ക്ഷേത്ര വാദ്യ കലകള്‍ അരങ്ങേറുകയും ചെയ്തു. എന്നാല്‍ പരിപാടി മാറിയ വിവരം ഓഡിറ്ററെ അറിയിച്ചിരുന്നില്ല. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയും രേഖകളുമാണ് ഓഡിറ്റര്‍ക്ക് ലഭിച്ചത്. ഇത് ഉള്‍പ്പെടുത്തി വിജയന്‍ അസോസിയേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഗായകന്‍ ഇഷാന്‍ ദേവ് പരിപാടി നടത്തുന്നതിനായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും നാല് ലക്ഷം രൂപയാണ് നല്‍കിയതെന്നാണ് സൂചന
ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ചില വീഴ്ച്ചകള്‍ സംഭവിച്ചുവെന്നാണ് സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. കണക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കില്‍ എസ്റ്റിമേറ്റുകളാണ് ഓഡിറ്റ് സ്ഥാപനത്തിന് കൈമാറിയത്. എന്നാല്‍ പരിപാടിയില്‍ വന്ന മാറ്റങ്ങള്‍ പരിപാടി പൂര്‍ത്തിയായതിന് ശേഷം ബില്ലുകളിലുണ്ടായ മാറ്റം എന്നിവയൊന്നും ഓഡിറ്റ് സ്ഥാപനത്തെ അറിയിച്ചിരുന്നില്ല. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിനാലാണ് ഇക്കാര്യങ്ങള്‍ മാറ്റാന്‍ കഴിയാത്തത് എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചതായും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഈ മാസം 17ന് വിശദമായ പരിശോധന നടത്താനാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്റെ തീരുമാനം. അയ്യപ്പ സംഗമത്തിന്റെ കരാറെടുത്ത സ്ഥാപനത്തിന്റെയും ഓഡിറ്റ് നടത്തിയ സ്ഥാപനത്തിന്റെയും പ്രതിനിധികളെ വിളിച്ചുവരുത്താനും രേഖകള്‍ പരിശോധിക്കാനുമാണ് തീരുമാനം. ഇതിന് പിന്നാലെ മാത്രമെ പ്രതികരിക്കാന്‍ കഴിയു എന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം. ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ വി എസ് പ്രശാന്ത് പോലും ഇക്കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ തയ്യാറാകുന്നില്ല.
അതേസമയം ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ച് വിശദീകരണം നടത്തേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്നായിരുന്നു ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്തത് ബോര്‍ഡ് ആണെന്നും ബോര്‍ഡ് ഇക്കാര്യത്തില്‍ മറുപടി പറയുമെന്നും വി എന്‍ വാസവന്‍ ചൂണ്ടിക്കാണിച്ചു. ബോര്‍ഡ് അഡ്വാന്‍സ് പൈസ തിരിച്ചു കൊടുത്തു എന്നാണ് കിട്ടിയ മറുപടി. സ്പോണ്‍സറുടെ പൈസ കൊണ്ടാണ് പരിപാടി നടന്നത്. താന്‍ കൈകാര്യം ചെയ്യാത്ത കാര്യത്തെ കുറിച്ച് എങ്ങനെ മറുപടി പറയുമെന്നും വാസവന്‍ ചോദിച്ചിരുന്നു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. പരിപാടിയുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ നല്‍കിയ കണക്കിലും ഓഡിറ്റ് റിപ്പോര്‍ട്ടിലും വ്യത്യാസമുണ്ട്. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വം ബോര്‍ഡില്‍ നിന്നെടുത്ത പണം തിരിച്ചടച്ചെന്നാണ് ദേവസ്വം കമ്മീഷണര്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. ദേവസ്വം അക്കൗണ്ടില്‍ നിന്നും അഡ്വാന്‍സായി ലഭിച്ച മൂന്നുകോടി രൂപ തിരിച്ചടച്ചുവെന്നാണ് ദേവസ്വം കമ്മീഷണര്‍ അറിയിച്ചത്. 4.99 കോടി രൂപയാണ് ആഗോളസംഗമത്തിനായി ആകെ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണക്ക് തള്ളുന്നതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. സംഗമത്തിന് ചെലവായത് 10.99 കോടിയാണെന്നും ഇതില്‍ 4.35 കോടി രൂപ ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അയ്യപ്പസംഗമത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്ത് പ്രതികരിച്ചു. ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ തുകയില്‍ പ്രശാന്ത് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സംഗമത്തിന്റെ സംഘാടനത്തിനായി മൂന്ന് കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നും ഈ മൂന്ന് കോടി രൂപയും പൂര്‍ണമായും സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതാണെന്നുമാണ് പ്രശാന്ത് പറയുന്നത്













































































