പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സ്ഥിരാധ്യാപക നിയമന നിരോധന ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളിലും പ്രതിഷേധ ദിനം ആചരിച്ചു
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിലനിൽപ്പും ഭാവിയും അന്തസും ചോദ്യം ചെയ്യുന്ന ഉത്തരവ് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് എന്ന് അധ്യാപക സമൂഹം തിരിച്ചറിയുന്നു. ഇതിനെതിരെ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ സ്കൂളുകളിലെയും അധ്യാപക – അനധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചത്. സംസ്ഥാനത്ത് എയ് ഡഡ് മേഖലയിൽ സർക്കാർ നിർദേശിക്കുന്ന തോതിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കാൻ തയാറാണെന്ന് കേരളത്തിലെ എയ്ഡഡ് സ്കൂൾ മാനേജർമാർ സർക്കാരിനെ അറിയിച്ചതാണ്. സംവരണത്തോത് പാലിക്കുന്നതിനാവശ്യമായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപകരെ ലഭിക്കാത്തതിൻ്റെ പേരിൽ സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ ആയിരക്കണക്കിന് അധ്യാപകരെയും അനധ്യാപകരെയും ബലിയാടാക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധം അർഹിക്കുന്നു. ഗവൺമെന്റ് നിർദ്ദേശപ്രകാരം 4 ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി മാറ്റി വച്ചിട്ടും മറ്റ് സ്ഥിര നിയമനങ്ങൾ അംഗീകരിക്കാത്ത ഗവൺമെന്റ് നടപടി നിയമനാംഗീകാരം കാത്ത് കഴിയുന്ന ആയിരക്കണക്കിന് അധ്യാപകരെ കണ്ണീരിലാഴ്ത്തുന്നതാണ്. കാഞ്ഞിരപ്പള്ളി രൂപതയിലെ പ്രതിഷേധ പരിപാടികൾക്ക്
കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. എബ്രഹാം കൊച്ചു വീട്ടിൽ, പ്രസിഡൻ്റ് ശ്രീ. വിൻസെൻ്റ് ജോർജ്, സെക്രട്ടറി ശ്രീ. സിറിയക് മാത്യു, ശ്രീ. തോമസ് പി. ഡൊമിനിക്,ശ്രീ. ആൽബിൻ പാലക്കുടി, ശ്രീ. റോണി സെബാസ്റ്റ്യൻ, ശ്രീ. ജോമോൻ ജോസഫ്, ശ്രീമതി റോബി കെ തോമസ്, ശ്രീമതി ഷെറിൻ മേരി ജോൺ എന്നിവരും വിവിധ സ്കൂൾ പ്രിൻസിപ്പൽ / ഹെഡ് മാസ്റ്റർമാർ തുടങ്ങിയ സ്ഥാപന മേധാവികളും , ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളും നേതൃത്വം നൽകി.