മുഖ്യമന്ത്രിയായി, തമിഴ്മണ്ണിന്റെ അമ്മയും…ശപഥങ്ങളൊക്കെ പാലിച്ചിട്ടേയുള്ളൂ ജയലളിത; പുരട്ചി തലൈവിയെ ഓര്‍ക്കുമ്പോള്‍…


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത വിടവാങ്ങിയിട്ട് എട്ടുവര്‍ഷം. ഇന്ത്യ കണ്ട പകരം വയ്ക്കാനില്ലാത്ത വനിതാ നേതാവായിരുന്നു ജയലളിത. രാഷ്ട്രീയ ഇന്ത്യകണ്ട കരുത്തരില്‍ കരുത്തരായ വനിതകളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള പേരും വെള്ളിത്തിരയില്‍ നിന്ന് തമിഴകമണ്ണിന്റെ അമ്മയായി മാറിയ അസാധ്യ ചങ്കൂറ്റത്തിന്റെ പേരുമാണ് ജെ ജയലളിത.
ഒട്ടുമേ എളുപ്പമല്ലാത്തൊരു ജീവിത യാത്രയായിരുന്നു ജയലളിതയുടേത്. ട്വിസ്റ്റും ആക്ഷനും സമത്തില്‍ ചേര്‍ത്തെടുത്ത് നിര്‍മ്മിച്ചൊരു സിനിമ പോലെ അത്യന്തം നാടകീയ ജീവിതം. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ സിനിമാക്കാലം. എംജിആറുമായുള്ള അടുത്ത സൗഹൃദം രാഷ്ട്രീയത്തിലെത്തിച്ചു. എംജിആറിന്റെ മരണശേഷം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെങ്കിലും പിന്നീട് എഐഎഡിഎംകെയുടെ വാക്കും നോക്കുമായി ജയലളിത മാറി. ശേഷം തമിഴ്‌നാടിന്റെ പുരട്ചി തലൈവിയിലേക്കുള്ള വളര്‍ച്ചയായിരുന്നു.
എം കരുണാനിധി ബദ്ധവൈരിയായി. അടിയും തിരച്ചടിയുമായി ഇരു നേതാക്കളും ദ്രാവിഡ രാഷ്ട്രീയത്തെ കലുഷിതമാക്കിയ കാലം. ഒരിക്കല്‍ അപമാനിതയായി ഇറങ്ങിപ്പോകേണ്ടിവന്ന നിയമസഭയില്‍ ഇനി മുഖ്യമന്ത്രിയാകാതെ കാല്‍കുത്തില്ലെന്ന ദൃഢപ്രതിജ്ഞ. ഒടുവില്‍, മുഖ്യമന്ത്രിയായി തന്നെ തിരിച്ചുകയറ്റം. പിന്നീട് ജയലളിത ദീര്‍ഘകാലം തമിഴ്മണ്ണ് ഭരിച്ചു. 2016- ഡിസംബര്‍ അഞ്ചിന് 68-ാം വയസ്സില്‍ ജയലളിത ലോകത്തോട് വിടപറഞ്ഞു.