ഉച്ചഭക്ഷണ പദ്ധതി ; തുക വർധിപ്പിച്ച് കേന്ദ്രസർക്കാർ
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വർധിപ്പിച്ച് കേന്ദ്രസർക്കാർ. എല്‍.പി വിഭാഗത്തില്‍ ഒരു കുട്ടിക്ക് 6.19 രൂപയായും യു.പി വിഭാഗത്തില്‍ 9.29 രൂപയായും വർധിപ്പിക്കാനാണ് തീരുമാനം. ഉച്ചഭക്ഷണത്തില്‍ പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇപ്പോഴത്തെ തീരുമാനം ഏറെ ഗുണകരമാവും. അതേസമയം, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് ഇനിയും തീർപ്പായിട്ടില്ല. കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും വിഹിതത്തില്‍ നടപ്പാക്കുന്നതാണ് ഉച്ചഭക്ഷണ പദ്ധതി. എല്‍.പി സ്കൂളിൽ ഒരു കുട്ടിക്ക് 5.45 രൂപയാണ് ഇപ്പോഴുള്ള തുക. സംസ്ഥാന സർക്കാർ എല്‍.പി സ്കൂളിന് അധികവിഹിതം നല്‍കുന്നതിനാല്‍ കേരളത്തില്‍ ആറ് രൂപയാണ് ഈ നിരക്ക്. കേന്ദ്രവിഹിതം 3.27 രൂപ, സംസ്ഥാന വിഹിതം 2.18 രൂപ, സംസ്ഥാനത്തിന്റെ അധിക വിഹിതം 55 പൈസ എന്ന നിലയിലാണ് ഈ തുക. ഇങ്ങനെ, ഇപ്പോള്‍തന്നെ ആറ് രൂപയുള്ളതിനാല്‍ 19 പൈസയുടെ വർധനമാത്രമേ കേരളത്തിലുണ്ടാവൂ. അതേസമയം, യു.പി വിഭാഗത്തില്‍ കേന്ദ്രവിഹിതം 4.9 രൂപ, സംസ്ഥാനം 3.27 എന്നിങ്ങനെ 8.17 രൂപയാണ് നിരക്ക്. ഈ തുക 9.29 രൂപയാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. അതിനാല്‍, കേരളത്തില്‍ 1.12 രൂപയുടെ വർധനയുണ്ടാവും. എന്നാല്‍, കേന്ദ്രവർധന അതേപടി സംസ്ഥാനത്ത് നടപ്പാക്കുമോയെന്ന് വ്യക്തമായിട്ടില്ല. ഉച്ചഭക്ഷണ വിഹിതം സർക്കാർ കൃത്യസമയത്ത് നല്‍കിയിട്ടില്ലെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കെപിഎസ്ടിഎ, കെപിപിഎച്ച്‌എ എന്നീ സംഘടനകള്‍. സെപ്റ്റംബറിലെ പകുതിയും ഒക്ടോബറിലെ തുകയും ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് സ്കൂളുകളുടെ പരാതി. സെപ്റ്റംബറില്‍ 25.59 കോടി സ്കൂളുകള്‍ ചെലവഴിച്ചു. ഇതില്‍ കേന്ദ്രവിഹിതമായി 14.57 കോടിരൂപ അനുവദിത് ഒഴിച്ചാല്‍ സംസ്ഥാന വിഹിതത്തില്‍ തീരുമാനമായിട്ടില്ല. ഉച്ചഭക്ഷണത്തിനുള്ള തുക കുട്ടികളുടെ അക്കൗണ്ടില്‍ നേരിട്ടുനല്‍കണമെന്ന് പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകരുടെ സംഘടനയായ കെപിപിഎച്ച്‌എ ആവശ്യപ്പെട്ടു.