അന്നമേകി 3.52 ലക്ഷം പേർക്ക്
ശബരിമല: പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലുമായി തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അന്നദാനമണ്ഡപങ്ങളിലൂടെ ഇതുവരെ അന്നമൂട്ടിയത് 3.52 ലക്ഷം പേർക്ക്. സന്നിധാനത്ത് 2.60 ലക്ഷം തീർഥാടകർക്കും നിലയ്ക്കലിൽ 30,000 പേർക്കും പമ്പയിൽ 62,000 പേർക്കും സൗജന്യമായി ഭക്ഷണം നൽകി.
അന്നദാനമണ്ഡപങ്ങളിലൂടെ ദിവസം മൂന്നുനേരമാണ് ഭക്ഷണം നൽകുന്നത്. രാവിലെ 6.30 മുതൽ 11 വരെയാണ് പ്രഭാതഭക്ഷണം നൽകുന്നത്. രാവിലെ 11.45 മുതൽ ഉച്ചകഴിഞ്ഞ് നാലുവരെയാണ് ഉച്ചഭക്ഷണ സമയം. വൈകിട്ട് 6.30 മുതൽ അർധരാത്രിവരെ നീളുന്നു രാത്രിഭക്ഷണ സമയം. ഭക്ഷണം പാകം ചെയ്യുന്നതിന് ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കുന്നു. പാചകശാലയിലും വിതരണഹാളിലും വൃത്തിയും ശുചിത്വവും കാത്തുസൂക്ഷിക്കാൻ വിപുലമായ സജ്ജീകരണമാണ് ദേവസ്വംബോർഡ് ഒരുക്കിയിട്ടുള്ളത്.
200 പേരാണ് സന്നിധാനത്ത് അന്നദാനമണ്ഡപത്തിൽ ജോലിയിലുള്ളത്.
പമ്പയിൽ 130 പേർക്കും സന്നിധാനത്ത് 1000 പേർക്കും നിലയ്ക്കലിൽ 100 പേർക്കും ഒരേസമയമിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.
തീർഥാടകർക്ക് സുഗമമായി മൂന്നുനേരവും വൃത്തിയുള്ളതും രുചികരവുമായ ഭക്ഷണം നൽകാൻ സാധിക്കുന്നുണ്ടെന്നും ഭക്തരുടെ അകമഴിഞ്ഞ പിന്തുണ അന്നദാനത്തിന് ഉണ്ടാവണമെന്നും അന്നദാനം സ്‌പെഷൽ ഓഫീസറായ ദേവസ്വം ബോർഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീനിവാസ് പറഞ്ഞു.
ഭക്ഷണവിഭവങ്ങൾ ഇങ്ങനെ
രാവിലെ- ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി
ഉച്ചയ്ക്ക്- പുലാവ്, സലാഡ്/വെജിറ്റബിൾ കുറുമ, അച്ചാർ, കുടിവെള്ളം
വൈകിട്ട്- കഞ്ഞി, അസ്ത്രം (കൂട്ടുകറി), അച്ചാർ
അന്നദാനത്തിൽ പങ്കാളിയാകാം
അന്നദാനപ്രഭുവായാണ് അയ്യപ്പൻ അറിയപ്പെടുന്നത്. അന്നദാനം മഹാദാനമായി അറിയപ്പെടുന്നതിനാൽ ഭക്തർക്ക് പുണ്യപ്രവർത്തിയെന്ന നിലയിൽ അന്നദാനത്തിനായി സംഭാവന നൽകാം. അന്നദാനം സുഗമമായി നടപ്പാക്കുന്നതിന് ദേവസ്വം ബോർഡ് ശബരിമല ശ്രീധർമശാസ്താ അന്നദാന ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. സംഭാവനകൾ ചെക്കായോ ഡി.ഡി. ആയോ ശബരിമല ശ്രീധർമശാസ്താ അന്നദാന ട്രസ്റ്റ്, എക്‌സിക്യൂട്ടീവ് ഓഫീസർ, ശബരിമല ദേവസ്വം, പത്തനംതിട്ട ജില്ല, കേരളം അല്ലെങ്കിൽ ദേവസ്വം അക്കൗണ്ട്‌സ് ഓഫീസർ, ദേവസ്വംബോർഡ് ബിൽഡിങ്, നന്ദൻകോട്, തിരുവനന്തപുരം എന്നീ വിലാസങ്ങളിൽ നൽകാം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും കൗണ്ടറുകളിലൂടെ നേരിട്ടും സംഭാവന നൽകാം.
ധനലക്ഷ്മി ബാങ്കിന്റെ തിരുവന്തപുരം നന്ദൻകോട് ബ്രാഞ്ചിലെ 012601200000086 (ഐ.എഫ്.എസ്.സി. കോഡ്: DLXB0000275) എന്ന അക്കൗണ്ടിലേക്കും എച്ച്.ഡി.എഫ്.സി. തിരുവനന്തപുരം ശാസ്തമംഗലം ബ്രാഞ്ചിലെ 15991110000014 (ഐ.എഫ്.എസ്.സി. കോഡ്: HDFC0001599) എന്ന അക്കൗണ്ടിലേക്കും സംഭാവന നൽകാം.