അന്നദാനമണ്ഡപ ചുവരിലിനി
പുലിപ്പുറത്തേറിയ അയ്യപ്പന്റെ കൂറ്റൻ ചിത്രം
-ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അനാഛാദനം നിർവഹിച്ചു
ശബരിമല: ഭിന്നശേഷിക്കാരനായ മനുവെന്ന ചിത്രകാരൻ സന്നിധാനത്തെ അന്നദാനമണ്ഡപത്തിന്റെ ചുവരിൽ വരച്ച പുലിപ്പുറത്തേറിയ അയ്യപ്പന്റെ കൂറ്റൻ ചുവർചിത്രം അനാഛാദനം ചെയ്തു. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്താണ് അനാഛാദനം നിർവഹിച്ചത്. അയ്യപ്പന്റെ ജീവൻതുളുമ്പുന്ന ചിത്രം മനുവിന്റെ ദേവസ്പർശമുള്ള കരങ്ങളിലൂടെയാണ് പൂർത്തീകരിച്ചിട്ടുള്ളതെന്നും അനുഗ്രഹീതനായ കലാകാരനാണെന്നും ദേവസ്വം ബോർഡ് എല്ലാ സഹായവും ഒരുക്കി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പത്തനാപുരം ചേകം മഞ്ജുവിലാസത്തിൽ മനുവെന്നറിയപ്പെടുന്ന മനോജ്കുമാറാണ് 20 അടി പൊക്കമുള്ള അയ്യപ്പന്റെ ചുവർചിത്രം വരച്ചത്. ചുവരൊരുക്കിയ ശേഷം നാലുദിവസം കൊണ്ടാണ് ചിത്രരചന പൂർത്തീകരിച്ചത്. ജന്മനാ വലതുകൈ മുട്ടിനു താഴെയില്ലാത്ത മനു ഇടം കൈ മാത്രം ഉപയോഗിച്ചാണ് അയ്യപ്പന്റെ കമനീയമായ ചിത്രം വരച്ചത്.
അക്രിലിക് പെയിന്റുപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. അന്നദാനമണ്ഡപത്തിലും മാളികപ്പുറം ക്ഷേത്രത്തിനു സമീപത്തെ പന്തളം രാജകുടുംബാംഗം താമസിക്കുന്ന കെട്ടിടത്തിന്റെ ചുവരുകളിലുമായി മണികണ്ഠന്റെ ജനനം, തുടർന്ന് കാട്ടിൽ നിന്ന് കണ്ടെടുത്തതു മുതലുള്ള വിവിധ ഘട്ടങ്ങളിലെ ആറു ചിത്രങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. നവംബർ 10നാണ് മനു സന്നിധാനത്ത് എത്തിയത്. ദിവസം ഒന്നെന്ന നിലയിൽ 25 ചിത്രങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
കൊട്ടാരക്കരയിലെ രവി വർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ചിത്രരചന പഠിച്ച മനു വാഹനങ്ങൾക്ക് നമ്പർ എഴുതിക്കൊടുത്താണ് ഉപജീവനം നയിച്ചിരുന്നത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ചുവരുകളിൽ മനു ചിത്രം വരയ്ക്കുന്നത് കണ്ട ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്താണ് മനുവിന് കൂടുതൽ ക്ഷേത്രങ്ങളിൽ ചുമർചിത്രങ്ങൾ വരയ്ക്കാൻ അവസരം നൽകിയത്. പന്തളം കൊട്ടാരത്തിലുൾപ്പെടെ ചിത്രം വരച്ചു.
സന്നിധാനത്ത് അയ്യപ്പന്റെ ചിത്രം വരയ്ക്കാൻ ലഭിച്ച അവസരം ഭാഗ്യമായും നിയോഗമായും കാണുന്നതായി മനു പറഞ്ഞു. കഠിനമായ ജീവിതപ്രാരാബ്ധങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അയ്യപ്പന്റെ എല്ലാ അനുഗ്രഹവും തനിക്കുണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബു, എക്‌സിക്യൂട്ടീവ് എൻജിനീയർ വി. രാജേഷ് മോഹൻ, അസിസ്റ്റന്റ് എൻജിനീയർമാരായ ജി. മനോജ് കുമാർ, ജി. സന്തോഷ്‌കുമാർ, അനൂപ് രവീന്ദ്രൻ, സുനിൽകുമാർ എന്നിവർ സന്നിഹിതരായി.