കോവിഡ് വാക്സീൻ എടുത്ത ശേഷം ടിടി വാക്സീൻ എടുത്താൽ മരണമോ? സത്യാവസ്ഥ ഇങ്ങനെ

കോവിഡ് വാക്സീൻ നൽകിത്തുടങ്ങിയതോടെ തെറ്റിദ്ധാരണ പരത്തുന്ന പല സന്ദേശങ്ങളും ഫോർവേഡുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങി. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കോവിഡ് വാക്സീൻ എടുത്തശേഷം ടെറ്റനസ് വാക്സീൻ എടുത്താൽ മരിച്ചു പോകുമെന്നത്. ഇതിനെക്കുറിച്ച് ഡോ. ഷിംന അസീസ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വായിക്കാം.
‘കോവിഡ് വാക്സീൻ എടുത്ത ശേഷം ടെറ്റനസ് വാക്‌സീനെടുത്ത് ആരാണ്ടൊക്കെയോ മരിച്ചു പോയീന്ന് പറഞ്ഞുള്ള വൈറലായ വോയ്‌സ് മെസേജ് കിട്ടി നെഞ്ചത്ത് കൈ വെച്ചിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…
നമുക്ക് ലഭിക്കുന്ന കോവിഡ് വാക്‌സീനുകളുമായി യാതൊരു തരത്തിലും പ്രതിപ്രവർത്തിക്കാൻ ശേഷിയില്ലാത്ത ടോക്‌സോയിഡ് വാക്‌സീൻ എന്നയിനത്തിൽ പെട്ട ഒരു പഞ്ചപാവമാണ് ടിടി എന്ന ടെറ്റനസ് ടോക്‌സോയിഡ് വാക്‌സീൻ.
മുതിർന്നവർക്കുള്ള വാക്‌സിനായി ടിടി നൽകുന്നത് കൂടുതലും ഗർഭിണികൾക്കാണ്. പിന്നെ, വല്ല അപകടമോ മറ്റോ ഉണ്ടായാൽ എമർജൻസി ആയിട്ടും കൊടുക്കും.
ഇതിൽ മുൻകൂട്ടി തീരുമാനിച്ച് ടിടി എടുക്കുന്ന അവസരങ്ങളിൽ കോവിഡ് വാക്‌സീനുമായി 14 ദിവസം ഗ്യാപ്പിലും അപകടങ്ങളിലും മൃഗങ്ങളുടെ ആക്രമണങ്ങളിലും മറ്റും ടിടിയും റാബീസ് വാക്‌സീനും എപ്പോ വേണേലും എമർജൻസി അടിസ്‌ഥാനത്തിൽ എടുക്കാമെന്നുമാണ്. രണ്ടായാലും സുരക്ഷിതമാണ്.
ചുരുക്കത്തിൽ,
“ടിടി ആളെ കൊല്ലുമോ?”
“ഇല്ല.”
“ടിടി എടുത്തില്ലെങ്കിൽ?”
“ടെറ്റനസ് വന്നാൽ സാരമായ രോഗമോ മരണമോ സംഭവിക്കാം.”
ഒന്ന് ബാക്കടിച്ച് ആ വോയ്‌സ് മെസേജ് ഡിലീറ്റ് ചെയ്യാൻ ശ്രദ്ധിക്കണേ…’