മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച് സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചികിത്സാ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. രോഗം വരുന്നതിനു മുൻപേ വരാതിരിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. പക്ഷാഘാതം സംബന്ധിച്ച രോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു. രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ച് എത്തിക്കാൻ ആധുനിക ചികിത്സ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റ ആവശ്യം കണ്ടറിഞ്ഞാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതെന്നു ബിഷപ് പറഞ്ഞു. സ്ട്രോക്ക് വന്ന ഒരാളെ രക്ഷപെടുത്താൻ സാധിക്കുക എന്ന് പറയുന്നത് ഉയർത്ത് എഴുന്നേൽപ്പും പുനർജീവൻ പ്രാപിക്കലുമാണ്. ഒട്ടേറെ ആളുകളെ പുനരുത്ഥാനത്തിലേക്ക് എത്തിക്കാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചിട്ടുണ്ടെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ചികിത്സാ രംഗത്തെ നൂതന പ്രവണതകളിലൂടെ കേരളത്തിലെ ഒന്നാം നിരയിലേക്ക് എത്താൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാണി.സി.കാപ്പൻ എംഎൽഎ പറഞ്ഞു.
ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അരുൺ ജോർജ് തറയാനിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രത്തെകുറിച്ച് ആമുഖ പ്രസംഗം നിർവ്വഹിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സരീഷ് കുമാർ എം.കെ എന്നിവർ പ്രസംഗിച്ചു.
സ്ട്രോക്ക് മാനേജ്മെന്റിനു പ്രത്യേകം സംവിധാനമുള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോളജി, ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി, എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി എന്നീ വിഭാഗങ്ങളെ ഏകോപിച്ചാണ് സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. 16 വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സ്ട്രോക്ക് ടീമാണ് ഈ കേന്ദ്രത്തിന്റെ പ്രത്യേകത. എല്ലാ ദിവസവും 24 മണിക്കൂറും ത്രോംബോളിസിസ് ആൻഡ് എൻഡോവാസ്കുലർ സേവനം, റാപിഡ് സ്ട്രോക്ക് മാനേജ്മെന്റ് ടീം, സി.ടി, എംആർഐ, കാത്ത് ലാബ് സൗകര്യം,സ്ട്രോക്ക് ഐസിയു തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാണ്. സ്ട്രോക്ക് കെയർ നഴ്സിംഗും പ്രത്യേകതയാണ്.