സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും
കരിമ്പൻ: സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ എസ് എം വൈ എം ന്റെ സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ കാൽവരിമൗണ്ടിൽ നടക്കും. കേരളത്തിലെ വിവിധ രൂപതകളിൽനിന്നും എത്തിച്ചേരുന്ന യുവജനങ്ങൾ അണിനിരക്കുന്ന പരിപാടികളുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നവംബർ 3 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും നടക്കും.വിവിധ രൂപതകളിൽനിന്നും ആരംഭിക്കുന്ന ഛായാചിത്രം, കൊടിമരം, പതാക എണീ പ്രയാണങ്ങൾ ഉച്ചയോടെ കാൽവരിമൗണ്ടിൽ എത്തിച്ചേരും. 1.45 ന് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ് ശ്രീ. അലക്സ് തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹപ്രഭാഷണവും ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും നടത്തും.ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്, മറ്റ് ജനപ്രതിനിധികൾ, വൈദികർ, സിസ്റ്റേഴ്സ്, ഗ്ലോബൽ, സംസ്ഥാന, രൂപത, യൂണിറ്റ് തല നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കുന്നു.
നസ്രാണിസമൂഹത്തിന്റെ പൗരാണിക കലാരൂപങ്ങളെ അവതരിപ്പിക്കുന്ന ദൃശ്യവിരുന്നും വേദിയിൽ അരങ്ങേറും. തുടർന്ന് തൃശൂർ ആട്ടം കലാസമിതിയുടെ ഫ്യൂഷൻ വിത്ത് ചെണ്ടമേളവും നടത്തപ്പെടുന്നു.വിവിധ രൂപതകളിൽനിന്നുമായി ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന ഈ മഹാ സംഗമത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കെ. സി.വൈ.എം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, രൂപതാ പ്രസിഡണ്ട് ശ്രീ. ജെറിൻ ജെ. പട്ടാംകുളം, സി. ലിന്റാ SABS,സാം സണ്ണി, അമല ആന്റണി, ആൽബി ബെന്നി, അനിറ്റ സണ്ണി, ബിന്റൊ ജോസഫ്, സോണി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.