കൈക്കൂലി കേസിൽ അറസ്റ്റിലായ ഡി.എം.ഒയും ഇടനിലക്കാരനായ ഡ്രൈവറും റിമാൻഡിൽ


ഇടുക്കി: 75000 രൂപാ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജിനെയും ഇടനിലക്കാരനും ഡ്രൈവറുമായ രാഹുൽ രാജിനെയും മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ഇരുവരേയും സബ് ജയിലിലേക്ക് മാറ്റി. ചിത്തിരപുരത്തെ ഒരു ഹോട്ടലിന്റെ ഉടമയിൽ നിന്ന് സർട്ടിഫിക്കറ്റിനായി 75,000 കൈപ്പറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ബുധനാഴ്ചയാണ് ഇടുക്കി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഇടുക്കി യൂണിറ്റ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നേരത്തെ ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന ഡി.എം.ഒ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങി തിരികെ സർവീസിൽ കയറിയ അതേ ദിവസമാണ് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. പണം വാങ്ങിയ ഗൂഗിൾ പേ അക്കൗണ്ടിന്റെ ഉടമയാണ് റിമാൻഡിലായ രാഹുൽ രാജ്. ഇയാളെ കോട്ടയം അമ്മഞ്ചേരിയിൽ നിന്നാണ് പിടികൂടിയത്. കോട്ടയത്തെ മറ്റൊരു സർക്കാർ ഡോക്ടറുടെ ഡ്രൈവറാണ് രാഹുൽരാജ്. ഒരു ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. ലാബുകൾ, ഹോട്ടലുകൾ ഉൾപ്പെടെ മറ്റ് നിരവധി സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങിയത് സംബന്ധിച്ചും ശ്രമം നടന്നതായും പരാതി വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും വിജിലൻസ് സംഘം അന്വേഷിക്കുന്നുണ്ട്.