ഉടുമ്പൻചോല ദേവികുളം താലൂക്കുകളിൽ സഞ്ചരിക്കുന്ന റേഷൻകടകൾ വരുന്നു.
വിദൂരസ്ഥലങ്ങളിലെ ആദിവാസികൾക്കായി സഞ്ചരിക്കുന്ന റേഷൻ കടകൾ വരുന്നു. ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട് ,ദേവികുളം താലൂക്കിൽ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കുമാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കുന്നത്. സഞ്ചരിക്കുന്ന റേഷൻ കടകളുടെ ഉദ്‌ഘാടനം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി ആർ അനിൽ ഒക്ടോബർ 5 നിർവഹിക്കും. ഉടുമ്പൻചോല താലൂക്കിലെ പരിപാടി പന്നിയാറിൽ രാവിലെ 10.30ന് എം എം മണി എം എൽ എ യുടെ അധ്യക്ഷതയിൽ നടക്കും. ദേവികുളം താലൂക്കിൽ ഉച്ചയ്ക്ക് 2 ന് അഡ്വ എ രാജ എം എൽ എയുടെ അധ്യക്ഷതയിൽ നയമക്കാട് ചേരും
നിലവിൽ ഉൾപ്രദേശങ്ങളിൽ നിന്നും രണ്ടു മുതൽ അഞ്ചു കിലോമീറ്റർ വരെ സഞ്ചരിച്ചാണ് റേഷൻ മേടിക്കാൻ ആയിട്ട് ആദിവാസി കുടിയിലുള്ളവർ റേഷൻ കടയിൽ എത്തുന്നത്. മാസത്തിന്റെ തുടക്കത്തിൽ ട്രൈബൽ പ്രമോട്ടർമാരെയും ആദിവാസി കുടിയിലെ മൂപ്പനെയും മുൻകൂട്ടി അറിയിച്ചതിനു ശേഷം ആ ദിവസമായിരിക്കും ഓരോ റേഷൻ കടയിൽ നിന്നും സാധനങ്ങളുമായി ആ പ്രദേശത്തേക്ക് എത്തുന്നത്. സംസ്ഥാന ഭക്ഷ്യ പദ്ധതി നിയമം 2013 കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റേഷൻ സാധനങ്ങൾ നേരിട്ട് കുടികളിലെത്തിക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന റേഷൻ കടയെന്ന് ജില്ലാ സപ്ലൈ ഓഫീസർ ബൈജു കെ ബാലൻ പറഞ്ഞു. ഇത്തരം റേഷൻകടുകളിലേക്ക് ഗോഡൗണിൽ നിന്നും റേഷൻ സാധനങ്ങൾ നേരത്തെ തന്നെ എത്തിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസത്തിലെ പത്താം തീയതിക്ക് ശേഷം എല്ലാ കുടികളിലേക്കും റേഷൻ സാധനങ്ങൾ എത്തിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. തൊടുപുഴ പട്ടയ കുടിയിൽ എല്ലാ മാസവും സെക്കൻഡ് സാറ്റർഡേ ഈ രീതിയിൽ റേഷൻ വിതരണം നടക്കുന്നുണ്ട്. ചില കുടികളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഒരു ദിവസം കൊണ്ട് വിതരണം നടത്താൻ സാധിക്കും. എന്നാൽ മറ്റു ചില ആദിവാസി കുടികളിൽ രണ്ടുദിവസം വരെ വേണ്ടിവരുമെന്നും ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു.