അവധി അപേക്ഷ പിൻവലിച്ച് ADGP എം.ആർ അജിത് കുമാർ
വിവാദത്തിനിടെ നൽകിയ അവധി അപേക്ഷ എഡിജിപി എം.ആർ അജിത് കുമാർ പിൻവലിച്ചു. ശനിയാഴ്ച മുതൽ നാല് ദിവസത്തേക്കായിരുന്നു അവധി അപേക്ഷ നൽകിയിരുന്നത്. അവധി വേണ്ടെന്ന് അറിയിച്ച് കത്ത് നൽകി. അവധി കഴിഞ്ഞാൽ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നു മുൻകൂർ അവധി അപേക്ഷ നൽകിയിരുന്നത്. വിവാദങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നൽകിയ അപേക്ഷയയിരുന്നു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള കാര്യങ്ങൾ വലിയ വിവാദത്തിനാണ് വഴി വെച്ചിരുന്നത്. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ കുറ്റസമ്മതം നടത്തിയിരുന്നു. പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രതിപക്ഷം ശക്തമായ ആയുധമായി ഉപയോഗിക്കുന്നുണ്ട്.
വിവാദം തുടരുന്നതിനിടെ നിർണായക എൽ.ഡി.എഫ് യോഗം ഇന്ന് ചേരും. എം.ആർ.അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി മുന്നണി യോഗത്തിൽ നിലപാട് വിശദീകരിച്ചേക്കും. എം.ആർ അജിത്കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസം അത് പരസ്യമാക്കുകയും ചെയ്തിരുന്നു.