ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്ന് ജല അതോറിറ്റി; കുടിവെള്ള പ്രതിസന്ധിയിൽ റിപ്പോർട്ട് തേടി സർക്കാർ


തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയിൽ വിശദ റിപ്പോർട്ട് തേടി സർക്കാർ.അഡീഷണൽ സെക്രട്ടറി വിശ്വനാഥ് സിൻഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങൾ തേടി. വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്നാണ് ജല അതോറിറ്റിയുടെ റിപ്പോർട്ട്.
പ്രതിസന്ധി പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്ന് ജല അതോറിറ്റി ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 5 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ നോട്ടക്കുറവ് ഉണ്ടായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
പുതുതായി സ്ഥാപിക്കേണ്ട പൈപ്പ് നിർദേശിക്കുന്ന ആഴത്തിൽ കുഴിച്ചിട്ട ശേഷമാണ് പമ്പിൽ നിർത്തേണ്ടത്. എന്നാൽ പണി ആരംഭിക്കുമ്പോൾ തന്നെ പമ്പിങ് നിർത്തിവച്ചു. പൈപ്പ് സ്ഥാപിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടായില്ല. പൈപ്പ് സ്ഥാപിച്ച് പമ്പിങ് പുനസ്ഥാപിച്ചപ്പോൾ ചോർച്ച കണ്ടെത്തിയതിന് തുടർന്ന് വീണ്ടും പമ്പിങ് നിർത്തേണ്ടിവന്നു. മേൽനോട്ടം നടത്തേണ്ട ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് തടസ്സമായെന്നും ജലവിതരണം നടത്തണമെന്ന് കോർപ്പറേഷനോട് ആവശ്യപ്പെടാത്തത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദ അന്വേഷണത്തിന് ടെക്നിക്കൽ മെമ്പറേ ചുമതലപ്പെടുത്താനും റിപ്പോർട്ടിൽ നിർദേശിച്ചു.
അതേസമയം തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം ഇതുവരെയും പൂർണ്ണ പരിഹാരത്തിൽ എത്തിയില്ല. ഇന്നലെയോടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം എത്തിച്ചെങ്കിലും നഗരത്തിലെ ചിലയിടങ്ങളിൽ ഇപ്പോഴും ജലവിതരണം കൃത്യമായിട്ടില്ല. മേലാന്നൂർ, മേലാംകോട്, കൊടുങ്ങാനൂർ തുടങ്ങിയ ഭാഗങ്ങളിലാണ് ഇപ്പോഴും പ്രശ്നം നിലനിൽക്കുന്നത്. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ ഇവിടെ ജലവിതരണം പ്രതിസന്ധിയിലാകുന്നതിന് കാരണം പൈപ്പ് ലൈനിലെ വായു മർദത്തിന്റെ പ്രശ്നമെന്നാണ് വിശദീകരണം.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനാൽ ഇനിയും വെള്ളം എത്താത്ത സ്ഥലങ്ങളിലെ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ടീമിനെ നഗരസഭയും ജല അതോറിറ്റിയും നിയോഗിച്ചിട്ടുണ്ട്. വെള്ളമെത്താത്ത സ്ഥലങ്ങളിൽ നഗരസഭ പ്രത്യേക ടാങ്കർ ഉപയോഗിച്ചും വെള്ളം നൽകുന്നുണ്ട്. അതിനിടെ നഗരത്തിൽ അഞ്ചു ദിവസം ഉണ്ടായ കുടിവെള്ള പ്രതിസന്ധിക്ക് കാരണക്കാർ ആരെന്ന തർക്കവും ആരംഭിച്ചു കഴിഞ്ഞു. നഗരസഭ ജല അതോറിറ്റിയെ പഴിചാരുമ്പോൾ പ്രതിപക്ഷം നഗരസഭയുടെ പിഴവന്ന രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയാണ്.