വയസ് 69, എഐ പഠിക്കാൻ കമല്‍ഹാസൻ അമേരിക്കയിൽ
വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്സ് (മൂന്ന് മാസം) പഠിക്കാനായി അദ്ദേഹം തെരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.
പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.
“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
കമലിന്റെ അവസാനമിറങ്ങിയ ചിത്രം ശങ്കറിന്റെ ഇന്ത്യൻ 2 വാണ്. ചിത്രത്തിൽ നൂറിലേറെ പ്രായമുള്ള കഥാപാത്രമായിട്ടാണ് കമൽ അഭിനയിക്കുന്നത്. തൻ്റെ രൂപത്തിന് പ്രോസ്തെറ്റിക്കിന്റെ സഹായമാണ് താരം തേടിയത്.
പിന്നീട് ഇറങ്ങിയ നാഗ് അശ്വിൻ്റെ സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ഇതിഹാസമായ കൽക്കി 2898 എഡിയിലും കമൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വളരെ കുറച്ച് നിമിഷങ്ങൾ മാത്രമുള്ള ഒരു കഥാപാത്രമായിരുന്നുവെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഇദ്ദേഹത്തിന് നിർണായകമായ വേഷമായിരിക്കും ഉണ്ടാവാൻ പോകുന്നത്.
സുപ്രീം ലീഡര്‍ യാസ്‌കിൻ എന്ന വേഷത്തിലാണ് കമല്‍ കല്‍ക്കിയില്‍ എത്തുന്നത്. ഏതാനും മിനുട്ടുകള്‍ ഉള്ള ഈ നെഗറ്റീവ് വേഷം ശക്തമായ സ്ക്രീന്‍ പ്രസന്‍സാണ് ചിത്രത്തില്‍ ഉണ്ടാക്കുന്നത്. കൽക്കി 2898 എഡിയിൽ ഒപ്പിടാൻ താരം ഒരു വർഷമെടുത്തുവെന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയത്.അടുത്ത വർഷം ശങ്കറിൻ്റെ ഹിസ്റ്റോറിക്കൽ ഡ്രാമയായ ഇന്ത്യൻ 3യിലും മണിരത്‌നത്തിൻ്റെ ആക്ഷൻ ഡ്രാമയായ തഗ് ലൈഫിലും കമൽ അഭിനയിക്കും.