രേഖകൾ അപ്‌ലോഡ് ചെയ്യാൻ 5 ദിവസം; യുപി സ്കൂൾ അസിസ്റ്റന്റ്, എൽപി സ്കൂൾ അസിസ്റ്റന്റ് പരീക്ഷകളെഴുതിയ ഉദ്യോഗാർഥികളെ പരീക്ഷിച്ച് പിഎസ്‌സി
രാജകുമാരി∙ യുപി സ്കൂൾ അസിസ്റ്റന്റ്, എൽപി സ്കൂൾ അസിസ്റ്റന്റ് പരീക്ഷകളെഴുതിയ ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിലാക്കി പിഎസ്‌സി. എൽപിഎസ്എ, യുപിഎസ്എ ചുരുക്കപ്പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ 23 ന് മുൻപ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ 15 ന് ഫോണിൽ സന്ദേശം ലഭിച്ചിരുന്നു. സംവരണത്തിന് അർഹരായവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയും അപ്‌ലോഡ് ചെയ്യണം.
ഈ സമയപരിധിക്കുള്ളിൽ ഇതിനു സാവകാശം കിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. അവധി ദിനങ്ങൾ ഒഴിവാക്കിയാൽ 5 ദിവസം മാത്രമാണ് ഉദ്യോഗാർഥികൾക്ക് ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ കംപ്യൂട്ടർ സെന്ററുകൾ പോലും തുറക്കാത്ത സ്ഥിതിയുണ്ട്. അതിനാൽ സമയപരിധി നീട്ടി നൽകണമെന്നാണ് ആവശ്യം. ജില്ലയിൽ മൂവായിരത്തി അഞ്ഞൂറിലധികം ഉദ്യോഗാർഥികളാണ് നവംബറിൽ നടന്ന എൽപിഎസ്എ, യുപിഎസ്എ പരീക്ഷകളെഴുതിയത്.
ഇതിൽ 600 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുമെന്നാണു വിവരം. ജില്ലയിൽ മാത്രമാണ് പരീക്ഷ എഴുതിയ എല്ലാവരോടും രേഖകൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടത്. മറ്റു ജില്ലകളിൽ ഒരു നിശ്ചിത മാർക്കിനു മുകളിൽ നേടിയവർക്കു മാത്രമേ സന്ദേശം ലഭിച്ചിട്ടുള്ളൂ. ജില്ലയിൽ ഉദ്യോഗാർഥികളുടെ എണ്ണം കുറവായതിനാലാണു പരീക്ഷയെഴുതിയ എല്ലാവർക്കും സന്ദേശം അയച്ചതെന്നാണു പിഎസ്‌സി വിശദീകരണം.