ഇടുക്കിക്ക് ആശ്വാസം; 23,000 ഡോസ് വാക്സീൻ ജില്ലയിലെത്തി
വാക്സീൻ ക്ഷാമത്തിനു താൽക്കാലിക പരിഹാരമായി 23,000 ഡോസ് കോവിഡ് വാക്സീൻ ഇന്നലെ ജില്ലയിലെത്തി. 21,000 ഡോസ് കോവിഷീൽഡും 2,000 ഡോസ് കോവാക്സിനുമാണ് എത്തിയത്. ഇതോടെ, ഒരാഴ്ചത്തേക്കുള്ള വാക്സിനേഷൻ തടസ്സമില്ലാതെ നടത്താനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞയാഴ്ച 40,000 ഡോസ് വാക്സീൻ ലഭിച്ചിരുന്നു.
ജില്ലയിൽ കഴിഞ്ഞ ദിവസം വരെ 4,25,185 പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. 1,40,484 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 20 ശതമാനം ഓൺലൈൻ ബുക്കിങ് വഴിയും ബാക്കി സ്പോട് റജിസ്ട്രേഷനുമായിട്ടാണു വാക്സിനേഷൻ നടന്നുവരുന്നത്. ഗർഭിണികൾ, വിദേശത്തു പോകുന്നവർ, ഇതര സംസ്ഥാനങ്ങളിൽ പഠനത്തിനായും മറ്റും പോകുന്നവർ തുടങ്ങിയവർക്കു മുൻഗണനയുണ്ട്.
ചില സ്വകാര്യ ആശുപത്രികളിലും കോവിഷീൽഡ് വാക്സീൻ ലഭ്യമാണ്. 780 രൂപയാണ് നിരക്ക്. ജില്ലയിൽ വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ഇപ്പോഴും പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. പല വാക്സിനേഷൻ കേന്ദ്രങ്ങളിലും അകലം ഉൾപ്പെടെ ലംഘിക്കപ്പെടുന്ന സ്ഥിതിയുണ്ട്. തിരക്കും പരിധിവിടുന്നതായി ആക്ഷേപമുണ്ട്.