സർക്കാരിന്റെ സിനിമ കോൺക്ലേവ് ഉടനില്ല


സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് നവംബർ 23ന് നടന്നേക്കില്ല. നവംബറിൽ കോൺക്ലേവ് നടത്താൻ സാധിക്കില്ല. നിലവിലെ പ്രതിഷേധങ്ങളിൽ കോടതി എന്ത് ഇടപെടൽ നടത്തുന്നു എന്നത് ആശ്രയിച്ചാകും കോൺക്ലേവ്. സംഘടനകൾ തമ്മിലുള്ള ചർച്ചകൾ അനിവാര്യമെന്നും സമവായമെത്തിയശേഷം മാത്രം കോൺക്ലേവ് നടത്തുമെന്നുമാണ് സർക്കാർ ആലോചന.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണിത്. ആരോപണം നേരിടുന്ന നടൻ മുകേഷിനെ സമിതിയിൽനിന്നൊഴിവാക്കും.നടി മഞ്ജുവാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും നേരത്തേതന്നെ ഒഴിവായിരുന്നു.
മുകേഷിനെ മാറ്റുന്നതിൽ സർക്കാരിന്റെയോ പാർട്ടിയുടെയോ തീരുമാനം വന്നിട്ടില്ല. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്നതിനാൽ നവംബർ 23 മുതൽ നടത്താനിരുന്ന സിനിമാ കോൺക്ലേവിന്റെ തീയതിയിൽ മാറ്റമുണ്ടാകും. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയ്ക്കുശേഷം കോൺക്ലേവ് നടത്തുന്നതാണ് പരിഗണനയിൽ.