കട്ടപ്പന നഗരസഭാ മാർക്കറ്റിലെ മീൻ മാർക്കറ്റിന് സമീപം മീൻകടയ്ക്ക് ലൈസൻസ് നൽകിയതിനെ ചോദ്യം ചെയ്ത് കൗൺസിലിൽ പ്രതിഷേധം.
മീൻ മാർക്കറ്റ് ലേലത്തിൽ മുൻ വർഷത്തേക്കാൾ കുറഞ്ഞ ക്വട്ടേഷൻ ലഭിച്ച കാര്യം ചർച്ച ചെയ്തപ്പോഴാണ് അംഗങ്ങളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചത്. മാർക്കറ്റിന് സമീപം മറ്റു മീൻകടകൾ വന്നാൽ നഗരസഭയുടെ മീൻ മാർക്കറ്റ് പൂട്ടേണ്ടി വരുമെന്നും ലൈസൻസ് കൊടുത്തത് പുന: പരിശോധിക്കണമെന്നും ആവശ്യം ഉയർന്നു. മുൻ വർഷത്തേക്കാൾ കുറഞ്ഞ തുകയ്ക്ക് നഗരസഭയുടെ സ്റ്റാൾ ലേലം ചെയ്യേണ്ടതില്ലെന്ന അഭിപ്രായവും ഉയർന്നു.
കട്ടപ്പന ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട നഷ്ടം നേരിട്ട വ്യക്തിക്ക് സർക്കാരിൽ അടയ്‌ക്കേണ്ട തുക ഇളവ് ചെയ്യണമെന്ന് ആവശ്യം ഉയർന്നു. അടയ്‌ക്കേണ്ട തുകയിൽ മൂന്നിൽ ഒന്ന് സർക്കാർ അനുമതി ലഭിച്ചാൽ ഒഴിവാക്കാമെന്ന് കൗൺസിൽ തീരുമാനിച്ചു. നഗരസഭയിൽ എൻജിനീയറിങ്ങ് വിഭാഗത്തിന് ഉപയോഗിക്കാൻ വാഹനം വാടകയ്ക്ക് എടുക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ദീർഘ കാലത്തേയ്ക്ക് കരാറിൽ ഏർപ്പെടേണ്ടെന്നും അതാതുമാസം കരാർ പുതുക്കാനും തീരുമാനമായി.