ഐഎൻടിയുസി പ്രവർത്തകനെ ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ ഉൾപ്പെട്ട അഞ്ചംഗ സംഘം മർദ്ദിച്ചതായി പരാതി
വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെ തുടർന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഉൾപ്പെട്ട അഞ്ചംഗ സംഘം ഐഎൻടിയുസി പ്രവർത്തകനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് പരിക്കേൽപ്പിച്ചു. ആനവിലാസം ശാസ്താനട ജെഎൽപി എസ്റ്റേറ്റിൽ താമസിക്കുന്ന തങ്കരാജി(37) നാണ് മർദനമേറ്റത്. ഇയാളുടെ പരാതിയിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ, പ്രവർത്തകരായ മുരുകൻ, അനു, ജോൺസൺ, ശ്രീകൃഷ്ണൻ എന്നിവർക്കെതിരെ കുമളി പൊലീസ് കേസെടുത്തു. യൂണിയന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെ തുടർന്ന് തിങ്കൾ രാവിലെ 8.15 ഓടെ തങ്കരാജിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. വണ്ടൻമേട് കടശിക്കടവിൽ കെട്ടിടനിർമാണം തടസ്സപ്പെടുത്തി വൃദ്ധയെ ആക്രമിച്ച സംഭവത്തിലും രാജാ മാട്ടുക്കാരനെതിരെ കേസെടുത്തിരുന്നു.