‘ഞാൻ കണ്ട വളരെ നല്ല മനുഷ്യരിൽ ഒരാളാണ് ശശി’; പി കെ ശശിയെ പുകഴ്ത്തി ഗണേഷ്‌കുമാർ


സിപിഐഎം നേതാവ് പി കെ ശശിയെ പുകഴ്ത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഫണ്ട് തിരിമറി ആരോപണത്തിൽ ഉൾപ്പെട്ട പികെ ശശിയെ പുകഴ്ത്തിയാണ് മന്ത്രി കെബി ഗണേഷ് കുമാർ രംഗത്തെത്തിയത്. ഞാൻ കണ്ട വളരെ നല്ല മനുഷ്യരിൽ ഒരാളാണ് പികെ ശശി.
മികച്ച ജനപ്രതിനിധിയും നല്ല മനുഷ്യനുമാണ് ശശി. അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തെക്കൂടിയാണ് തകർക്കുന്നതെന്ന് ഓർക്കണം. താനും ഇതുപോലെ ഒരുപാട് ആരോപണങ്ങൾക്ക് ഇരയായിട്ടുണ്ട്. കള്ളനെയും പിടിച്ചുപറിക്കാരനെയും ആർക്കും വേണ്ട,നല്ലത് ചെയ്യുന്നവനെ കുറ്റക്കാരനാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കില്ലെന്ന് സിപിഐഎം നേതാവ് പി കെ ശശി പ്രതികരിച്ചിരുന്നു. രാജി വയ്ക്കാനല്ലല്ലോ ചെയർമാൻ സ്ഥാനത്ത് ഇരിക്കാനല്ലേ പാർട്ടി പറഞ്ഞതെന്നാണ് പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചത്. കെടിഡിസിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് തിരുവനന്തപുരത്ത് വന്നത്.
ബാക്കിയെല്ലാം കൽപ്പിത കഥകളാണ്. പാർട്ടി നടപടി വിശദീകരിക്കേണ്ട ബാധ്യതയില്ല. പാര്‍ട്ടി വിഷയം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാനില്ല. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടോ ഇല്ലയോ എന്ന് ഉത്തരവാദിത്തപ്പെട്ടവർ പറയുമെന്നും പുറത്ത് വരുന്ന വാര്‍ത്തയുടെ അച്ഛന്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പി കെ ശശി പ്രതികരിച്ചു.