മഴ കനക്കും, അതിശക്തമായി പെയ്യും; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും കര്‍ണാടക മേഖല വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിന്റെ സ്വാധീന ഫലമായി ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പ് ഉണ്ട്.