രാത്രികാല പെട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കള്ളനെ പിടികൂടി നെടുങ്കണ്ടം പൊലീസ്.
വിജനമായ റോഡരുകിൽ രാത്രിയിൽ നിർത്തിയിട്ടിരിക്കുന്ന കാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നെടുങ്കണ്ടം സബ് ഇൻസ്പെക്ടർ ടി എസ് ജയകൃഷ്ണൻ പൊലീസ് വാഹനം നിർത്തി ഇറങ്ങി പരിശോധിക്കുകയായിരുന്നു. കാറിനുള്ളിൽ ചെളിയിൽ കുളിച്ച നിലയിലുള്ള പമ്പ് സെറ്റും ഒരു വാക്കത്തിയും ഒരു ജോഡി ചെരുപ്പും കണ്ടതിനെ തുടർന്ന് സംശയം തോന്നി കാറിൻ്റെ ഡ്രൈവറെ അന്വേഷിച്ചത്. സമീപത്തായി പതുങ്ങി നിൽക്കുന്ന പൂക്കലാർ ഈശ്വര ഭവനിൽ പാണ്ടി (45)യെ കൈയ്യോടെ പിടി കൂടി ചോദ്യം ചെയ്തു. തൻ്റെ വീട്ടിലെ കുഴൽ കിണറ്റിൽ ഉപയോഗിക്കുന്ന പമ്പ് സെറ്റാണെന്നും കേടായതിനെ തുടർന്ന് കമ്പത്ത് നന്നാക്കാനായി കൊണ്ടുപോയി തിരികെ വീട്ടിലേയ്ക്ക് പോകുന്ന വഴി മൂത്രമൊഴിക്കാൻ ഇവിടെ നിർത്തിയതാണെന്നുമായിരുന്നു മറുപടി.
നൽകിയ മൊഴിയിൽ വിശ്വാസം തോന്നാതിരുന്നതിനെ തുടർന്ന് പാണ്ടിയുടെ മകൻ്റെ ഫോൺ നമ്പർ എസ് ഐ ചോദിച്ച് വാങ്ങി. മറ്റൊരു ആവശ്യത്തിനെന്ന പേരിൽ വീട്ടിലെ കുഴൽ കിണറ്റിൽ ഉപയോഗിക്കുന്ന പമ്പ് സെറ്റിനെ കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് പാണ്ടിയുടെ വീട്ടിൽ കുഴൽ കിണറോ വാട്ടർ ടാങ്കോ ഇല്ലെന്നും ഇതിനാൽ പമ്പ് സെറ്റ് ഉപയോഗിക്കുന്നില്ലായെന്നുള്ള വിവരം മകൻ പറയുന്നത്. തുടർന്ന് നെടുങ്കണ്ടം സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി നെടുങ്കണ്ടം അമ്പളിയമ്മാൻകാനത്തുള്ള എസ്റ്റേറ്റിൽ നിന്നും വ്യാഴാഴ്ച രാത്രിയിൽ മോഷ്ടിച്ചതാണെന്നുള്ള കുറ്റ സമ്മതം നടത്തിയത്. തുടർന്ന് നെടുങ്കണ്ടം പൊലീസ് എസ്റ്റേറ്റ് ഉടമയെ വിവരം അറിയിക്കുകയും തുടർന്ന് അവർ നടത്തിയ പരിശോധനയിൽ പമ്പ് സെറ്റ് മോഷണം പോയതായി സ്ഥികരിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഏപ്രിൽ മാസം ടി എസ് ജയകൃഷ്ണൻ നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിൽ രാത്രികാല പെട്രോളിഗിന് ഇടയിൽ പുലർച്ചെ നാലിന് വാഴവര വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളുമായി സ്കൂട്ടറിൽ വന്ന രണ്ട് യുവാക്കളെ സംശാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു. ഈ സംഭവം നെടുങ്കണ്ടം എസ് ഐ ജയകൃഷ്ണൻ ടി എസ് ന് ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.