ചെങ്കുളം പമ്പ് ഹൗസിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു
നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചെങ്കുളം പമ്പ് ഹൗസിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ജലവൈദ്യുതി പദ്ധതികള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പള്ളിവാസല്‍ പഞ്ചായത്തിലെ ചിത്തിരപുരത്താണ് ചെങ്കുളം പമ്പ് ഹൗസ് നിര്‍മ്മിച്ചിട്ടുള്ളത്. ദേവികുളം എം എല്‍ എ അഡ്വ. എ രാജ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യതിഥിയായി. കെ എസ് ഇ ബി സിവില്‍ ജനറേഷന്‍ ഡയറക്ടര്‍ ജി രാധാകൃഷ്ണന്‍, ഇല്ക്ട്രിക്കല്‍ ജനറേഷന്‍ ഡയറക്ടര്‍ ആര്‍ സുകു, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ചെങ്കുളം പമ്പ്ഹൗസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതോല്പാദനത്തില്‍ പ്രതിവര്‍ഷം 70 ദശലക്ഷം യൂണിറ്റ് അധികമായി ഉല്പാദിപ്പിക്കുവാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഉത്പാദനം കഴിഞ്ഞെത്തുന്ന ജലം പമ്പ് ചെയ്തു വീണ്ടും വൈദ്യുതോല്പാദനം നടത്തുക വഴിയാണ് അധിക വൈദ്യുതി ലഭിക്കുന്നത്. 1400 കിലോവാട്ട് ശേഷിയുള്ള മൂന്നു പമ്പുകളാണ് പുതുതായി സ്ഥാപിച്ചത്. 26 കോടി ചിലവില്‍ 2016 ല്‍ കരാര്‍ ഒപ്പിട്ട പദ്ധതി 2018 ലേയും 2019 ലേയും പ്രളയം, കോവിഡ് മഹാമാരി, മറ്റ് പാരിസ്ഥിതിക ബുദ്ധിമുട്ടുകള്‍ തുടങ്ങി നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പൂര്‍ത്തികരിച്ചത്.