എംജി സർവകലാശാലയിൽ മൂല്യനിർണയത്തിനായി നൽകിയ ഉത്തരക്കടലാസ് നഷ്ടമായി; വീണ്ടും പരീക്ഷ
എംജി സർവകലാശാലയിൽ മൂല്യനിർണയത്തിനായി അധ്യാപകനു നൽകിയ 20 ബികോം കോസ്റ്റ് അക്കൗണ്ടൻസി ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടു. അവ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ട സർവകലാശാല, വിദ്യാർഥികളോടു വീണ്ടും പരീക്ഷയെഴുതാൻ നിർദേശിച്ചു. ഉത്തരക്കടലാസ് നഷ്ടപ്പെട്ട കുട്ടികൾക്ക്, 26 ന് ആരംഭിക്കുന്ന പരീക്ഷയിൽ ഫീസ് ഇളവു നൽകാൻ സിൻഡിക്കറ്റ് തീരുമാനിച്ചു.
ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർഥികളുമായി സർവകലാശാല അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകൻ, തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പൽ എന്നിവരോട് 26നു തെളിവെടുപ്പിനു ഹാജരാകാൻ പരീക്ഷാ കൺട്രോളർ ഡോ. എം. ശ്രീജിത്ത് നിർദേശിച്ചു. അധ്യാപകന്റെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്. ഏപ്രിലിൽ വിവരം അറിഞ്ഞു. നഷ്ടപ്പെട്ട ഉത്തരക്കടലാസുകൾ കണ്ടെത്താൻ സാധിച്ചില്ല.
വീഴ്ച വരുത്തിയവർക്കെതിരെ തെളിവെടുപ്പിനു ശേഷം നടപടിയെടുക്കുമെന്നു ഡോ. എം. ശ്രീജിത്ത് അറിയിച്ചു. തൊടുപുഴ ന്യൂമാൻ കോളജിലെ 20 ബികോം അവസാന വർഷ വിദ്യാർഥികളുടെ ഉത്തരക്കടലാസാണ് കഴിഞ്ഞ ഏപ്രിലിൽ നഷ്ടപ്പെട്ടത്. കഴിഞ്ഞ ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ പരീക്ഷയുടേതാണ് ഉത്തരക്കടലാസ്. ഈ മാസം 4നു പരീക്ഷാഫലം പുറത്തുവന്നപ്പോൾ 20 പേരുടെ മാത്രം ഫലം സർവകലാശാല തടഞ്ഞുവച്ചിരുന്നു. ബികോം അവസാന വർഷ ക്ലാസിൽ 46 വിദ്യാർഥികളാണു പഠിക്കുന്നത്.
ഇതിൽ അടുത്തടുത്തുള്ള 20 പേരുടെ പരീക്ഷാഫലമാണു തടഞ്ഞുവച്ചത്. വിദ്യാർഥികൾ നടത്തിയ അന്വേഷണത്തിൽ ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരമറിഞ്ഞു. ഹോം വാല്യുവേഷനായി ഉത്തരക്കടലാസ് കൊടുത്തുവിട്ടപ്പോൾ നഷ്ടപ്പെട്ടതാവാമെന്നാണു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം. തടഞ്ഞുവച്ച മറ്റു വിഷയങ്ങളുടെ ഫലം വിദ്യാർഥികളുടെ പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ കോളജ് അധികൃതർ പുറത്തുവിട്ടു.