മന്ത്രിക്ക് മുന്നില്‍ അറ്റന്‍ഷനായി അജീഷ് പോള്‍; അക്രമത്തിനിരയായ പോലീസുദ്യോഗസ്ഥന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു
മാസ്‌ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തലക്ക് കല്ലുകൊണ്ടു ഇടിയേറ്റ് ചികിത്സയിലായിരുന്ന മറയൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോളിനെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. പരിക്കില്‍ നിന്നും ക്രമേണ മോചിതനായി വരുന്ന അജീഷ് ഇപ്പോള്‍ ആലക്കോട് ചിലവിലുള്ള വീട്ടില്‍ വിശ്രമത്തിലാണ്. മന്ത്രി വീട്ടിലേക്കെത്തിയപ്പോള്‍ അജീഷ് മുറ്റത്തിറങ്ങി വന്ന് സ്വീകരിക്കുകയും മന്ത്രിക്ക് മുന്നില്‍ സിവില്‍ പോലീസ് ഓഫീസറുടെ ഉത്തരവാദിത്വത്തോടെ അറ്റന്‍ഷനാവുകയും ചെയ്തു.
പരിക്കേറ്റതിനെക്കുറിച്ചും നിലവിലെ ചികിത്സയെക്കുറിച്ചും അജീഷും വീട്ടുകാരും മന്ത്രിയോട് വിവരിച്ചു. എത്രയും വേഗം സുഖമായി ജോലിയില്‍ പ്രവേശിക്കാനാവട്ടെയെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി അജീഷിനോട് പറഞ്ഞു.
ജൂണ്‍ ഒന്നിനാണ് ഡ്യൂട്ടിക്കിടെ അജീഷ് പോളിന് കല്ലു കൊണ്ടുള്ള ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് കോവില്‍ക്കടവ് സ്വദേശി സുലൈമാന്‍ എസ്എച്ച്ഒ രതീഷ് ജിഎസിനെയും അജീഷിനെയും മര്‍ദ്ദിച്ചത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അജിഷീനെ ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും സംസാരശേഷിയും വലതു കയ്യുടെയും കാലിന്റെയും ചലന ശേഷിയും നഷ്ടപ്പെട്ട നിലയിലായിരുന്നു. അജീഷിന്റെ ജീവന്‍ നിലനിര്‍ത്തുക എന്നതായിരുന്നു ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം നേരിട്ട ആദ്യ വെല്ലുവിളി. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അജീഷ് പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.
ആക്രമണത്തെ തുടര്‍ന്ന് അജീഷിന്റെ തലയോട്ടി തകര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്തേറ്റ പരുക്കാണ് സംസാരശേഷിക്ക് തകരാറുണ്ടാക്കിയത്. ആറു ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് നടത്തിയ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ ഫലമായി സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഒരു പരിധി വരെ തിരിച്ചു കിട്ടി. തലച്ചോറിലെ ലാംഗ്വേജ്‌സെന്ററിനുണ്ടായ തകരാറ് മൂലം ഓര്‍മ്മയിലുള്ള പല കാര്യങ്ങളും ആശയവിനിമയം നടത്താന്‍ സാധിക്കാത്ത നിലയിലായിരുന്നു അജീഷ് പോള്‍.
ആറ് മാസം കൂടിയെങ്കിലും ഇദ്ദേഹത്തിന് സ്പീച്ച് തെറാപ്പി ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. മുടങ്ങാതെയുള്ള ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ സംസാര ശേഷിയിലും ഓര്‍ത്തെടുക്കാനുള്ള കഴിവിലും കാര്യമായ പുരോഗതിയുണ്ട്. സഹപ്രവര്‍ത്തകരോടും മറ്റും ഫോണില്‍ അജീഷ് സംസാരിക്കുന്നുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. എത്രയും വേഗം ജോലിയില്‍ പ്രവേശിക്കാമെന്ന വിശ്വാസത്തിലാണ് അജീഷും കുടുംബവും.
Roshy Augustine