പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; എൻഡിഎയുടെ പ്രചാരണത്തിന് തുടക്കമിടും; ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. കേരളത്തില്‍ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം തേവര മുതൽ എംജി റോഡ് വരെ നീളുന്ന വൻ റോഡ് ഷോയിൽ പങ്കെടുക്കും. പ്രചാരണ പ്രവർത്തനങ്ങൾക്ക് പുറമെ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. നാളെ ആണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. നാളെ രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.
കൊച്ചിയിൽ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പിലീൻ യൂണിറ്റാണ്. 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ യൂണിറ്റ് പ്രതിവർഷം 400 കിലോ ടൺ ഉൽപ്പാദന ശേഷിയുള്ളതാണ്.
റോഡ് അടിസ്ഥാന സൗകര്യ മേഖലയിൽ രണ്ട് പ്രധാന ദേശീയപാത പദ്ധതികളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ്. 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാത കാസർഗോഡ്, കണ്ണൂർ ജില്ലകൾ തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തും. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പദ്ധതി വിനോദസഞ്ചാര മേഖലയ്ക്കും അഴീക്കൽ തുറമുഖത്തിന്റെ വികസനത്തിനും വലിയ കരുത്താകും.









































































