പെട്ടിമുടിയിലെ ഉരുൾപൊട്ടലിന് ഇന്ന് നാലുവയസ്


കേരളത്തെ ഒന്നടങ്കം നടുക്കിയ മറ്റൊരു ഉരുൾപൊട്ടൽ ആയിരുന്നു ഇടുക്കി മൂന്നാറിലെ പെട്ടിമുടി ദുരന്തം. വയനാട് ഉരുൾപൊട്ടൽ ദുരന്തം കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടിമുടിയിലെ ഉരുൾപൊട്ടലിന് ഇന്ന് നാലുവയുകയാണ്. സ്മശാന ഭൂമിയാക്കിയ ആ രാത്രിയുടെ ഓർമ്മകൾ ഇപ്പോഴും പെട്ടിമുടിയിൽ ഉണ്ട്.
2020 ഓഗസ്റ്റ് മാസം ആറാം തീയതി രാത്രി പത്തരയോടെയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. മൂന്നാർ രാജമല എസ്റ്റേറ്റിലെ മലയുടെ അടിവാരത്തെ നാലു ലയങ്ങൾ പൂർണമായും മണ്ണിരടിയിലായി. തൊഴിലാളികൾ മാത്രം താമസിച്ചിരുന്ന ഗ്രാമമാണ് ഉരുൾപൊട്ടലിൽ ഇല്ലാതായത്. രാത്രി വെളിച്ചമില്ലാതെ എന്ത് ചെയ്യണം എന്നറിയാതെ അവശേഷിച്ച ആളുകൾ അവിടെ നിന്ന് നിലവിളിക്കുകയായിരുന്നു. രാത്രി രാജമല ഫോറസ്റ്റ് ഓഫീസിൽ നിന്നും നടന്നെത്തിയ രണ്ട് പേരാണ് ഈ ദുരന്തത്തിൻ്റെ വിവരം പുറംലോകത്തെ അറിയിച്ചത്. പിന്നീട് നടന്നത് കേരളം കണ്ട വലിയ രക്ഷാപ്രവർത്തനമായിരുന്നു. 28 ദിവസം തുടർച്ചയായി നീണ്ടു നിന്ന രക്ഷാപ്രവർത്തനം. മണ്ണിനടിയിൽ അകപ്പെട്ട 11 പേരെ രക്ഷപ്പെടുത്തി. ഈ ദുരന്തത്തിൽ മരണപ്പെട്ടത് 66 പേരാണ്. നഷ്ടപ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല.
ദുരിതബാധിതരെ ആറുമാസം കൊണ്ട് കുറ്റിയാർവാലിയിൽ പുനരാശിപ്പിച്ചു. വീട്നഷ്ടപ്പെട്ടവർക്ക് എല്ലാം വീട് വച്ചുകൊടുത്തു. മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ പഠനം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. മരിച്ചവർക്ക് തമിഴ്നാടുമായി ബന്ധമുണ്ടെന്ന് സമർപ്പിച്ച ബന്ധുക്കൾക്ക് തമിഴ് നാട് സർക്കാർ മൂന്ന് ലക്ഷം രൂപ വതം നൽകി. കേരള സർക്കാർ 70 പേരുടെയും കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും നൽകിയത്.