കരുണാപുരത്തുണ്ട്, പ്രതിരോധകുത്തിവെയ്പ് കേന്ദ്രം : കിട്ടിയവരാരുമില്ല
നെടുങ്കണ്ടം : കരുണാപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിത്തൊളുവിൽ ആരംഭിച്ച കോവിഡ് സ്ഥിരം പ്രതിരോധ കുത്തിവെയ്പ് കേന്ദ്രം അടഞ്ഞുതന്നെ. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നടത്തി രണ്ടാഴ്ച പിന്നിട്ടിട്ടും ഒരാൾക്കുപോലും ഇവിടെനിന്ന് വാക്‌സിൻ നൽകിയിട്ടില്ല.
നെടുങ്കണ്ടം പഞ്ചായത്തിന്റെ കീഴിൽ കല്ലാറിൽ പ്രവർത്തിക്കുന്ന സ്ഥിരം വാക്‌സിനേഷൻ സെന്ററിന്റെ മാതൃകയിലാണ് കുഴിത്തൊളുവിലും കേന്ദ്രം ആരംഭിക്കാൻ കരുണാപുരം പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി കുഴിത്തൊളുവിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച മിനി കമ്മ്യൂണിറ്റി ഹാൾ പഞ്ചായത്ത് നവീകരിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് ചുറ്റുമതിലും ഗേറ്റും നിർമിച്ച് മുറ്റത്ത് തറയോട് പതിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ ഉൾവശവും നവീകരിച്ചു. തുടർന്ന് ജൂലായ് ഒന്നിന് സ്ഥിരം വാക്‌സിനേഷൻ സെന്ററിന്റെ ഉദ്ഘാടനവും നടത്തി. എന്നാൽ, ഇതുവരെ ഒരാൾക്കുപോലും വാക്‌സിൻ നൽകാൻ അധികൃതർക്കായില്ല.
പഞ്ചായത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് ഭരണസമിതിയിലെ ചിലരും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും ശീതസമരവും മൂലമാണ് സെന്ററിൽ വാക്‌സിനേഷൻ നടക്കാത്തതെന്നാണ് ഉയരുന്ന ആക്ഷേപം. കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മൂന്ന് ഡോക്ടർമാരിൽ ഒരാൾക്ക് മെഡിക്കൽ ഓഫീസറുടെ ചുമതലയാണ്. മറ്റ് രണ്ട് പേരാണ് ആശുപത്രിയിലെ ഒ.പി. പ്രധാനമായും കൈകാര്യം ചെയ്യുന്നത്. സ്ഥിരം വാക്‌സിനേഷൻ സെന്ററിൽ ഒരു ഡോക്ടറുടെ സേവനം ആവശ്യമുള്ളതിനാൽ ഒ.പി.യിലെത്തുന്ന രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർമാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു ഡോക്ടർ അവധിയിൽ പോയാൽ ഒ.പി. മുടങ്ങുന്ന അവസ്ഥയുണ്ടാകും.
കോവിഡ് സ്ഥിരം വാക്‌സിനേഷൻ സെന്ററിനുള്ളിലെ മുഴുവൻ പണികളും പൂർത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും ആരോപണമുണ്ട്. കെട്ടിടത്തിനുള്ളിലെ വയറിങ് ജോലികൾ ഇതുവരെ നടന്നിട്ടില്ല. ഇതിനാൽ വാക്‌സിൻ സ്വീകരിക്കുന്നവരുടെ വിവരങ്ങൾ അപ്പ്‌ലോഡ് ചെയ്യുന്നതിനുള്ള കംപ്യൂട്ടർ, ലൈറ്റുകൾ, വാക്‌സിൻ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം എന്നിവയൊന്നും പ്രവർത്തിപ്പിക്കാനാവില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായാണ് സ്ഥിരം വാക്‌സിനേഷൻ സെന്ററിൽ സൗകര്യങ്ങൾ ഒരുക്കും മുമ്പ് ഉദ്ഘാടനം നടത്തിയതെന്നാണ് ആരോപണം.
കോവിഡ് വാക്‌സിന്റെ ആദ്യ ഡോസുപോലും ലഭിക്കാത്ത നിരവിധി പേരാണ് കരുണാപുരം പഞ്ചായത്തിലുള്ളത്. എന്നാൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കരുണാപുരം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്ഥിരം വാക്‌സിനേഷൻ സെന്റർ ആരംഭിച്ചതിന് ശേഷം വാക്‌സിൻ എത്തിയിട്ടില്ല. ആരോഗ്യപ്രവർത്തകരുമായി തർക്കങ്ങളില്ല. സ്ഥിരം വാക്‌സിനേഷൻ സെന്ററിൽ വൈദ്യുതിക്കായി താത്കാലിക സൗകര്യമൊരുക്കി രണ്ട് ദിവസത്തിനകം പ്രവർത്തിച്ചുതുടങ്ങുമെന്നും സെക്രട്ടറി പറഞ്ഞു.