ഭൂമി കൈയ്യേറി എന്ന പരാതി; ചർച്ചയിൽ തീരുമാനമായില്ല; ഒരു മാസത്തിന് ശേഷം ഭൂമിയിൽ കൃഷിയിറക്കുമെന്ന് നഞ്ചിയമ്മ
അട്ടപ്പാടി അഗളിയിൽ ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയ്യേറി എന്ന പരാതിയിൽ ഇന്നത്തെ ചർച്ചയിലും തീരുമാനമായില്ല. അടുത്ത 19ന് വിഷയത്തിൽ വീണ്ടും ചർച്ച നടത്തും. ഒരു മാസത്തിന് ശേഷം വീണ്ടും ചർച്ച നടത്തും. ഹൈക്കോടതി ഉത്തരവിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പറഞ്ഞു.
കലക്ടറുടെ ഉത്തരവുമായി ഭൂമിയിൽ കൃഷിയിറക്കാൻ എത്തിയ നഞ്ചിയമ്മയെ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും തടഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് സർക്കാർ നിർദ്ദേശ പ്രകാരം ഇന്ന് ചർച്ച നടന്നത്,അടുത്ത മാസം 19ന് കേസ് കൂടുതൽ പഠിച്ച ശേഷം വീണ്ടും ചർച്ച ചെയ്യാമെന്ന് റവന്യൂ ഉദ്യോഗസ്ഥർ നഞ്ചിയമ്മയോട് ആവശ്യപ്പെട്ടു. ഒരു മാസത്തിന് ശേഷം ഭൂമിയിൽ കൃഷിയിറക്കുമെന്നും , ഇനിയും കാത്തിരിക്കാനാകില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.
നഞ്ചിയമ്മയുടെ പരാതിയിൽ കഴമ്പില്ലെന്നും തങ്ങൾ പണം കൊടുത്ത് വാങ്ങിയ ഭൂമിയാണ് ഇതെന്നുമാണ് എതിർ കക്ഷികളുടെ വാദം. ഹൈക്കോടതി ഉത്തരവും , RDO ട്രൈബ്യൂണലിലെ രേഖകളുടെ പരിശോധനയും പൂർത്തിയായാൽ മാത്രമെ തുടർ നടപടികൾക്ക് കഴിയുവെന്ന് തഹസിൽദാർ പറഞ്ഞു. നഞ്ചിയമ്മയും , കുടുംബവും , എതിർ കക്ഷികളായ കെ. വി മാത്യുവും , ജോസഫ് കുര്യനുമാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ച യോഗത്തിൽ പങ്കെടുത്തത്.