കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ആചരണം നടന്നു
കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ആചരണം നടന്നു. ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മുന്‍ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തില്‍ വിപുലമായ സൗഹൃദങ്ങള്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് നേതാക്കള്‍ അനുസ്മരിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഇത്രയേറെ നേട്ടങ്ങള്‍ കൊണ്ടുവരുവാന്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവ് സഹിച്ച കഷ്ടപ്പാടുകള്‍ എക്കാലവും സ്മരിക്കപ്പെടും. പൂച്ചെണ്ടുകള്‍ക്ക് മുമ്പിലും കല്ലേറിന് മുമ്പിലും പുഞ്ചിരിക്കുന്ന മുഖമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നും നേതാക്കള്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി 28 വരെ വിവിധ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.
പടിഞ്ഞാറേക്കവല വികസന സമിതി സ്റ്റേജില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ് യശോധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എന്‍ ഗോപി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ രാജു എടത്വ, സേനാപതി വേണു, ജി മുരളീധരന്‍, പി.ആര്‍ അയ്യപ്പന്‍, മുകേഷ് മോഹനന്‍, ജെയിംസ് മാമൂട്ടില്‍, കെ.എന്‍ തങ്കപ്പന്‍, ശ്യാമളാ വിശ്വനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.