രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


രുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകി. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ആരുടെ അനാസ്ഥ കാരണമാണ് സംഭവം ഉണ്ടായതെന്ന് വിശദീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സംഭവത്തിൽ 2 ലിഫ്റ്റ് ഓപ്പറേറ്റർമാരെയും, ഡ്യൂട്ടി സാർജന്റിനെയും സസ്പെൻഡ് ചെയ്തിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആയിരുന്നു ലിഫ്റ്റിൽ കുടുങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്നലെ രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്.