കാതോലിക്കാ ബാവയുടെ ഓര്‍മയില്‍ പട്ടം കോളനിയും


നെടുങ്കണ്ടം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഓര്‍മയില്‍ പട്ടം കോളനിയും. മെത്രാപ്പോലീത്ത ആയിരിക്കുമ്പോള്‍ തന്നെ മുണ്ടിയെരുമ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
കുന്നംകുളം മെത്രാപ്പോലീത്ത ആയിരുന്നപ്പോള്‍ 2003-ല്‍ പട്ടം കോളനിയില്‍ എത്തിയിരുന്നു. 2007 – 2008 കാലഘട്ടത്തില്‍ ഇടുക്കി ഭദ്രാസനത്തിന്റെ അധിക ചുമതല വഹിച്ചപ്പോഴും കല്ലാര്‍ പട്ടം കോളനിയിലെ പ്രധാന ദൈവാലയത്തിനോട് കൂടുതല്‍ കരുതലും സ്‌നേഹവും കാട്ടി.. കാതോലിക്ക ബാവയായിരിക്കെ 2007 ജനുവരി 21 ന് ഇടവകയുടെ വജ്ര ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനാണ് അവസാനമായി എത്തിയത്. അന്ന് പട്ടം കോളനിയിലെ ആദ്യകാല കുടിയിരുത്തപ്പെട്ട കര്‍ഷകരെ ആദരിക്കുകയും, കോളനിയുടെയും, ഇടവകയുടെയും ചരിത്രമടങ്ങിയ സ്മരണിക പ്രകാശനം ചെയ്തതും ബാവ തിരുമേനിയായിരുന്നു.
കുടിയിരുത്തപ്പെട്ട കര്‍ഷകരുടെ അനുഭവങ്ങള്‍ കേള്‍ക്കാനും അവരോടൊപ്പം ആയിരിക്കുന്നതും ഭാഗ്യമായി കരുതുന്നതായും അദ്ദേഹം പറഞ്ഞത് മണ്ണിനോട് മല്ലടിച്ച കര്‍ഷകരോട് ബാവാക്കുള്ള സ്‌നേഹവും കരുതലുമായിരുന്നെന്ന് സഭാ മാനേജിങ് കമ്മിറ്റി അംഗം മോന്‍സി വര്‍ഗീസ് പറയുന്നു. ഇടവകയിലെ 70 വയസ് പൂര്‍ത്തിയായവരെ ആദരിച്ച ബാവ നിര്‍ദ്ധന യുവതികള്‍ക്ക് വിവാഹ ധന സഹായവും നല്‍കിയാണ് മടങ്ങിയത്.