കാതോലിക്കാ ബാവായുടെ ഓര്‍മകളില്‍ നിറഞ്ഞ് ഇടുക്കി ഭദ്രാസനം;എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു
കട്ടപ്പന: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ ദേഹവിയോഗം ഇടുക്കി ഭദ്രാസനത്തെ ദുഃഖത്തിലാഴ്ത്തി. പരിശുദ്ധ പിതാവിനെക്കുറിച്ചുള്ള ധന്യസ്മരണകള്‍ ഭദ്രാസനമെങ്ങും നിറഞ്ഞുനില്‍ക്കുന്നു. സ്‌നേഹത്തിന്റെയും നൈര്‍മല്യത്തിന്റെയും പ്രതിരൂപമായിരുന്ന അദ്ദേഹം ഇടുക്കിയിലെ മണ്ണിനെയും മനുഷ്യരെയും നിര്‍വ്യാജം സ്‌നേഹിക്കുകയും അവരുമായി ഗാഢമായ ഹൃദയബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇടുക്കി ഭദ്രാസനാധിപനായിരുന്ന ഔഗേല്‍ മാര്‍ ദിവാന്നാസിയോസ് മെത്രാപ്പോലീത്തായുടെ ആകസ്മിക വേര്‍പാടിനെ തുടര്‍ന്ന് 2007 ജൂണ്‍മാസം ഏഴ് മുതല്‍ 2009 മാര്‍ച്ച് രണ്ട് വരെ പരിശുദ്ധ പിതാവിന്റെ അനുഗ്രഹീത പരിപാലനയിലായിരുന്നു ഇടുക്കി ഭദ്രാസനം. അങ്ങനെ അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ മതിയാവോളം ഏറ്റുവാങ്ങാന്‍ ഇടുക്കിയിലെ വിശ്വാസികള്‍ക്ക് സൗഭാഗ്യമുണ്ടായി. പിന്നീട് സഭയുടെ പരമാദ്ധ്യക്ഷനായി ചുമതലയേറ്റശേഷവും സ്‌നേഹവും കരുതലും തുടര്‍ന്നു. അഭൂതപൂര്‍വമായ തിരക്കുകള്‍ക്കിടയിലും ഭദ്രാസനത്തിലെ ചെറിയ കാര്യങ്ങള്‍ക്കുപോലും സമയംകണ്ടെത്തി അദ്ദേഹം ഇവിടെ ഓടിയെത്തുമായിരുന്നു. ഒരു പതിറ്റാണ്ടിനിടയില്‍ ഭദ്രാസനത്തിലെ അനവധി പുതിയ ദേവാലയങ്ങളുടെ കൂദാശ പരിശുദ്ധ പിതാവ് നിര്‍വഹിച്ചു. നിരാശ്രയരുടെയും സമൂഹത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഏക്കാലവും പ്രയത്‌നിച്ച തിരുമേനി നെറ്റിത്തൊഴുവില്‍ സ്ഥാപിച്ച സെന്റ്. ഗ്രിഗോറിയോസ് കരുണാ ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
നെറ്റിത്തൊഴു ഇടുക്കി ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ഊര്‍ജവും നല്‍കി അനുഗ്രഹിച്ചു. ഭദ്രാസനത്തിന്റെ സാമൂഹികസേവനവിഭാഗമായ ഗ്രേസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ എല്ലാ പദ്ധതികള്‍ക്കും വേണ്ട പ്രോത്സാഹനവും പിന്തുണയുമേകി. സഭയുടെ അഭിമാനമായ പീരുമേട് മാര്‍ ബസേലിയോസ് എഞ്ചിനിയറിങ് കോളേജിനെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിസ്തുലമായ നേതൃത്വം കൊടുത്തു. ചേറ്റുകുഴി എം.ജി.എം സീനിയര്‍ സ്‌കൂളിന്റെ പുരോഗതിയിലും ചക്കുപള്ളം ശാലോം ഭവന്റെ പ്രവര്‍ത്തനങ്ങളിലും സവിശേഷ ശ്രദ്ധ പുലര്‍ത്തി. അചഞ്ചലമായ ദൈവഭക്തിയും വിശ്വാസ തീഷ്ണതയും ഒത്ത് ചേര്‍ന്ന പരിശുദ്ധ പിതാവ് എല്ലാ പ്രതികൂലതകളേയും ദൈവാശ്രയത്തോടെ നേരിടുകയും നേരിന്റെ വിജയത്തിനു വേണ്ടി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ നിര്‍ഭയം നിലയുറപ്പിക്കുകയും ചെയ്ത പ്രോജ്ജ്വല വ്യക്തിത്വത്തിനുടമയായിരുന്നു. വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ പരിശുദ്ധ പിതാവിന്റെ നാമം മലങ്കര സഭയുടെ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തി എക്കാലവും ആദരപൂര്‍വം സ്മരിക്കപ്പെടുമെന്നതില്‍ സംശയമില്ല.
കാതോലിക്കാ ബാവാ തിരുമേനിയുടെ ദേഹവിയോഗത്തില്‍ ഇടുക്കി ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. മലങ്കരസഭയെ ദിശാബോധത്തോടെയും അനുഗ്രഹകരമായും ഒരു പതിറ്റാണ്ടുകാലം വഴി നടത്തിയ പരിശുദ്ധ ബാവാ തിരുമേനി് ഇടുക്കി ഭദ്രാസനത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പരിശുദ്ധ പിതാവിന്റെ ആത്മശാന്തിക്കുവേണ്ടി ഏവരും പ്രാര്‍ത്ഥിക്കണമെന്നും ദുഃഖാചരണത്തില്‍ സര്‍വാത്മനാ പങ്കുചേരണമെന്നും മെത്രാപ്പോലീത്താ അറിയിച്ചു.ഇടുക്കി ഭദ്രാസന സെക്രട്ടറി റവ.കെ.ടി.ജേക്കബ്ബ് കോര്‍ എപ്പിസ്‌കോപ്പാ, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സിലംഗങ്ങള്‍, വൈദികസംഘം സെക്രട്ടറി റവ.ഏ.വി.കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പാ, ഗത്‌സിമോന്‍ അരമന മാനേജര്‍ ഫാ.ജോര്‍ജ് വര്‍ഗീസ്, ഭദ്രാസനത്തിലെ ആദ്ധ്യാത്മിക സംഘടനാ ഭാരവാഹികള്‍ എന്നിവരും അനുശോചിച്ചു.
പരിശുദ്ധ പിതാവ് കാലം ചെയ്തതറിഞ്ഞ് രാവിലെ തന്നെ എല്ലാ പള്ളികളിലും ദുഃഖമണി മുഴക്കുകയും ദുഃഖസൂചകമായി കറുത്ത കൊടികളുയര്‍ത്തുകയും ചെയ്തു. എല്ലാ ഇടവകകളിലും വൈദികരുടെ കാര്‍മികത്വത്തില്‍ പരിശുദ്ധ പിതാവിനു വേണ്ടി പ്രത്യേകപ്രാര്‍ത്ഥനകള്‍ നടത്തുകയും പള്ളി കമ്മറ്റികള്‍ യോഗം ചേര്‍ന്ന് അനുശോചിക്കുകയും ചെയ്തു.